റിയാദ്. സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അറാംകൊയ്ക്ക് സൗദിയിലും വിദേശ രാജ്യങ്ങളിലുമായി 374 കമ്പനികളില്‍ ഓഹരി പങ്കാളിത്തം. ഇവയിൽ 136 കമ്പനികളുടെ (36 ശതമാനം) പൂര്‍ണ ഉടമസ്ഥാവകാശമുണ്ടെന്നും അറാംകൊയുടെ വാർഷിക റിപോർട്ട് പറയുന്നു. 136 കമ്പനികളില്‍ 70 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഏഷ്യയ്ക്കു പുറമെ യൂറോപ്, അമേരിക്ക, ആഫ്രിക്ക, അറബ് മേഖലകളിലായി ലോകത്തുടനീളം 55 രാജ്യങ്ങളിലായാണ് അറാംകൊയുടെ നിക്ഷേപങ്ങള്‍.16 കമ്പനികളില്‍ 60 മുതല്‍ 69 ശതമാനം വരെയും ഒരു കമ്പനിയില്‍ 80 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (തദാവുൽ) ലിസ്റ്റ് ചെയ്ത സൗദി അറാംകൊക്ക് 82 കമ്പനികളില്‍ 30മുതല്‍ 59 ശതമാനം വരെ ഓഹരികളുണ്ട്.
പെട്രോളിയം, പ്രകൃതിവാതക ഖനനം, ഉല്‍പാദനം, ശുദ്ധീകരണം, സംഭരണം, പെട്രോകെമിക്കല്‍സ്, ലോജിസ്റ്റിക്‌സ്, പുനരുപയോഗ ഊര്‍ജം, ധനകാര്യം, വിമാന ലീസിംഗ്, എണ്ണപ്പാട സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിംഗ്, വിവരസാങ്കേതികവിദ്യ, തുറമുഖ മാനേജ്‌മെന്റ്, വിതരണം തുടങ്ങി വൈവിധ്യ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സൗദി അറാംകൊയുടെ നിക്ഷേപങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദ കമ്പനി എന്ന നിലയില്‍ നിന്ന് ഊര്‍ജം, ഗ്യാസ്, പെട്രോകെമിക്കല്‍സ്, ക്ലീൻ എനർജി ഉല്‍പാദനം എന്നീ മേഖലകളില്‍ കൂടി ശക്തമായ അടിത്തറയുള്ള ആഗോള കമ്പനിയായി മാറാൻ ലക്ഷ്യമിട്ടുള്ള നിക്ഷേപ, വളർച്ചാ പദ്ധതികളാണ് അറാംകോയുടേത്. സൗദിയില്‍ മാത്രമായി 92 കമ്പനികളിലാണ് അറാംകോയുടെ നിക്ഷേപമുള്ളത്. അമേരിക്കയില്‍ 47, നെതര്‍ലാന്റ്സില്‍ 45, ചൈനയില്‍ 14ഉം കമ്പനികളില്‍ ഓഹരി പങ്കാളിത്തമുണ്ട്.
ബഹുരാഷ്ട്ര കമ്പനികളുടെ ഓഹരികള്‍ വാങ്ങിയും ഭീമന്‍ ഊര്‍ജ കമ്പനികളെ ഏറ്റെടുത്തും സൗദി അറാംകൊ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും വിപണി സാന്നിധ്യം വിപുലീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത് സുസ്ഥിര സാമ്പത്തിക വളര്‍ച്ചാ അന്തരീക്ഷമുള്ള നിരവധി ആഗോള വിപണികളില്‍ അറാംകോയ്ക്ക് ഗുണകരമാകും. കമ്പനിയുടെ പ്രാഥമിക ഉല്‍പന്നമായ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പെട്രോളിയം ഉല്‍പന്നങ്ങളുടെയും വിപണനം സുരക്ഷിതമാക്കും. ഈ നിക്ഷേപങ്ങളിലൂടെ ലോകത്ത് ഊര്‍ജ മേഖലയിലെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഏറ്റവും നിർണായക സ്ഥാനത്തുള്ള അറാംകോയുടെ ആഗോള സ്ഥാനം കൂടുതൽ ദൃഢമാക്കുമെന്ന് വിപണി വിദഗ്ധനും സെന്റര്‍ ഫോര്‍ ഇക്കണൊമിക് ഡെവലപ്മെന്റ് ആന്റ് കണ്‍സള്‍ട്ടിംഗ് സിഇഒയുമായ അലി ബൂഖംസീന്‍ അഭിപ്രായപ്പെടുന്നു.