ജിദ്ദ. സൗദി അറേബ്യയിലെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് (Flynas IPO) പ്രഥമ ഓഹരി ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ഇതിനുള്ള അനുമതി നൽകി. ഐപിഒ മുഖേന 30 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണു കമ്പനിയുടെ പദ്ധതി. 5.1 കോടി ഓഹരികൾ വരുമിത്. അനുമതി ലഭിച്ചാൽ ചട്ടം അനുസരിച്ച് ആറു മാസത്തിനകം ഓഹരി വിൽപ്പനയും ലിസ്റ്റിങും പൂർത്തിയാക്കണം. സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതിനു മുമ്പ് വിശദമായ പ്രോസ്പ്കടസ് പ്രസിദ്ധീകരിക്കും. ഐപിഒ തയാറെടുപ്പുകൾക്ക് മേൽനോട്ടം നൽകുന്നതിന് ഫ്ളൈനാസ് നേരത്തെ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി, സൗദി ഫ്രഞ്ച് കാപിറ്റൽ എന്നിവരെ നിയോഗിച്ചിരുന്നു.
രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഗൾഫ് വിമാന കമ്പനി ഐപിഒയിലൂടെ ഓഹരി വിൽപ്പനയ്ക്കൊരുങ്ങുന്നത്. യുഎഇയിലെ എയർ അറേബ്യയും കുവൈത്തിലെ ജസീറ എയർവേയ്സും മാത്രമാണ് ഇതിനു മുമ്പ് ഐപിഒ മുഖേന ഓഹരി വിൽപ്പന നടത്തിയ ഗൾഫ് മേഖലയിലെ വിമാന കമ്പനികൾ.
2007ലാണ് ഫ്ളൈനാസ് സർവീസ് ആരംഭിച്ചത്. നിലവിൽ 30 രാജ്യങ്ങളിലെ 70ലേറെ നഗരങ്ങളിലേക്ക് ആഴ്ചയിൽ 1500ലേറെ സർവീസുകൾ നടത്തുന്നു. 61 എയർബസ് വിമാനങ്ങളാണ് കമ്പനിയുടെ പക്കലുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം 160 ആക്കി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കാനിരിക്കുന്ന ഫ്ളൈനാസ് ഇതുവരെ എട്ടു കോടിയിലേറെ യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിച്ചതായാണ് കണക്ക്.
സൗദി അറേബ്യയിലെ മുൻനിര വ്യവസായിയും അന്താരാഷ്ട്ര നിക്ഷേപകനുമായ പ്രിൻസ് അൽവലീദ് ബിൻ തലാലിന്റെ നേതൃത്വത്തിലുള്ള കിങ്ഡം ഹോൾഡിങ് കമ്പനിക്ക് ഫ്ളൈനാസിൽ 37 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2022ൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫ്ളൈനാസിന്റെ 17 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ പരിപാടികളുടെ ഫലമായി ടൂറിസം രംഗത്ത് സൗദി അറേബ്യ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. വ്യോമയാന രംഗത്തും ഇത് വലിയ വളർച്ചയ്ക്ക് വഴിയൊരുക്കി. നിലവിലുള്ള വിമാന കമ്പനികൾ പുതിയ വിമാനങ്ങൾ വാങ്ങിയും ശേഷി വർധിപ്പിച്ചും സർവീസ് വിപുലീകരിക്കുന്നതിനൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള പുതിയ വിമാന കമ്പനിയായ റിയാദ് എയർ വൈകാതെ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്. ഫ്ളൈനാസും ലാഭത്തിന്റെ പാതയിലാണിപ്പോൾ. വ്യോമയാന രംഗത്തെ വളർച്ചയും പുതിയ അവസരങ്ങളും നിക്ഷേപർക്ക് അനകൂല ഘടകമാണ്.