റിയാദ്. പെട്രോളിയം ഉൽപ്പാദന രംഗത്ത് ഒന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയ്ക്ക് കൂടുതൽ കരുത്തായി പുതിയ 14 എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്തി. കിഴക്കന്‍ പ്രവിശ്യയിലും റുബ്ഉല്‍ഖാലി മരുഭൂമിയിലുമായാണ് ഈ 14 എണ്ണ ശേഖരങ്ങള്‍ സൗദി അറാംകൊ നടത്തിയ പര്യവേക്ഷണത്തിൽ കണ്ടെത്തിയതെന്ന് ഊര്‍ജ മന്ത്രി പ്രിൻസ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ആറു എണ്ണപ്പാടങ്ങളും, രണ്ടു എണ്ണ സംഭരണികളും, രണ്ടു പ്രകൃതി വാതക പാടങ്ങളും, നാലു പ്രകൃതി വാതക സംഭരികളുമാണ് പുതുതായി കണ്ടെത്തിയത്.
കിഴക്കന്‍ പ്രവിശ്യയിൽ അൽജബു എണ്ണപ്പാടത്തെ അൽജബു 1 എണ്ണക്കിണറിൽ നിന്ന് പ്രതിദിനം 800 ബാരൽ എണ്ണ ലഭിക്കുന്നു. പുതിയ സയാഹിദ് എണ്ണപ്പാടത്തെ സയാഹിദ് 2 കിണറില്‍ നിന്ന് പ്രതിദിനം 630 ബാരല്‍ തോതിൽ എണ്ണ ലഭിച്ചു. പുതുതായി കണ്ടെത്തിയ ഐഫാന്‍ എണ്ണപ്പാടത്തെ ഐഫാന്‍-2 കിണറില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത് 2,840 ബാരല്‍ എണ്ണയും 4.40 ലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടി പ്രകൃതിവാതകവും ലഭിക്കുന്നു. അല്‍ബരി എണ്ണപ്പാടത്തെ അല്‍ബരി-907 കിണറില്‍ നിന്ന് പ്രതിദിനം 520 ബാരല്‍ എണ്ണയും രണ്ടു ലക്ഷം ക്യുബിക് അടി വാതകവും ലഭിക്കുന്നു. മസാലീജ് എണ്ണപ്പാടത്ത് ഉനൈസ-എ എണ്ണ, ഗ്യാസ് ശേഖരവും കണ്ടെത്തി. ഇവിടുത്തെ മസാലീജ് -64 കിണറില്‍ നിന്ന് പ്രതിദിനം 1,011 ബാരല്‍ എണ്ണയും 9.20 ലക്ഷം ക്യുബിക് അടി വാതകവും ലഭിക്കുന്നു.
റുബ്ഉല്‍ഖാലി മരുഭൂമിയില്‍ നുവൈര്‍ എണ്ണപ്പാടം പുതുതായി കണ്ടെത്തി. ഇവിടുത്തെ നുവൈര്‍-1 കിണറില്‍ നിന്ന് പ്രതിദിനം 1,800 ബാരല്‍ എണ്ണയും 5.50 ലക്ഷം ക്യുബിക് അടി പ്രകൃതിവാതകവും ലഭിക്കുന്നു. പുതുതായി കണ്ടെത്തിയ അല്‍ദംദാ എണ്ണപ്പാടത്തെ മുശ്‌രിഫ്-സി എണ്ണസംഭരണ മേഖലയിലെ അല്‍ദംദാ-1 കിണറില്‍ നിന്ന് പ്രതിദിനം 200 ബാരല്‍ എണ്ണ ലഭിക്കുന്നു. മുശ്‌രിഫ്-ഡി എണ്ണ സംഭരണിയിൽ നിന്ന് പ്രതിദിനം 115 ബാരല്‍ എണ്ണയാണ് ലഭിക്കുന്നത്. പുതുതായി കണ്ടെത്തിയ ഖര്‍ഖാസ് എണ്ണപ്പാടത്തെ ഖർഖാസ്-1 കിണറില്‍ നിന്ന് പ്രതിദിനം 210 ബാരൽ എണ്ണയും ലഭിക്കുന്നു.
കിഴക്കന്‍ പ്രവിശ്യയിലാണ് പുതുതായി വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. ഗസ്ലാൻ പാടത്തെ ഉനൈസ ബി/സി വാതക സംഭരണ മേഖലയിലെ ഗസ്ലാന്‍-1 കിണറില്‍ നിന്ന് പ്രതിദിനം 3.2 കോടി ക്യുബിക് അടി പ്രകൃതിവാതകവും 2,525 ബാരല്‍ സാന്ദ്രീകൃത വാതകവും ലഭിക്കുന്നു. ഉനൈസ ബി/സി സംഭരണിയിലെ അറാം-1 കിണറില്‍ നിന്ന് പ്രതിദിനം 2.4 കോടി ഘനയടി പ്രകൃതിവാതകവും 3,000 ബാരല്‍ സാന്ദ്രീകൃത വാതകവും ലഭിക്കുന്നു. അല്‍മഹ്വാസ് പാടത്തെ ഖുസൈബ സംഭരണമേഖലയിലെ അല്‍മഹ്വാസ്-193101 കിണറില്‍ നിന്ന് പ്രതിദിനം 35 ലക്ഷം ക്യുബിക് അടി പ്രകൃതിവാതകവും 485 ബാരല്‍ സാന്ദ്രീകൃതവാതകങ്ങളും ലഭിച്ചു.
റുബ്ഉല്‍ ഖാലിയില്‍ മര്‍സൂക്ക് പാടത്താണ് കാര്യമായ വാതക ശേഖരം കണ്ടെത്തിയത്. ഇവിടുത്തെ അറബ്-സി സംഭരണിയിൽ നിന്ന് പ്രതിദിനം 95 ലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് അടിയും, അറബ്-ഡി സംഭരണിയിൽ നിന്ന് പ്രതിദിനം ഒരു കോടി ക്യൂബിക് അടി പ്രകൃതിവാതകം ലഭിക്കുന്നു. അപ്പർ ജുബൈല സംഭരണിയിൽ നിന്ന് 15 ലക്ഷം ക്യൂബിക് അടി വാതകമാണ് ലഭിക്കുന്നത്.
ആഗോള ഊർജ രംഗത്ത് സൗദി അറേബ്യയുടെ നേതൃപരമായ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ എണ്ണശേഖരങ്ങളുടെ കണ്ടെത്തലെന്ന് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് പറഞ്ഞു. ആഭ്യന്തര ആവശ്യങ്ങൾക്കുപുറമെ അന്താരാഷ്ട്ര ഊർജ ആവശ്യങ്ങളും നിറവേറ്റാനുള്ള സൗദിയുടെ ശേഷിക്ക് ഇത് കൂടുതൽ കരുത്ത് പകരും.