റിയാദ്. ജനുവരിയില്‍ സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT). വിവിധ ഇടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ചരക്കുകൾ പിന്നീട് കയറ്റുമതി ചെയ്തത് (റീഎക്സ്പോർട്ട്) ഉൾപ്പെടെയാണിത്. റീഎക്‌സ്‌പോര്‍ട്ട് ഉള്‍പ്പെടാതെയുള്ള എണ്ണയിതര കയറ്റുമതിയില്‍ 13.1 ശതമാനമാണ് വര്‍ധന. റീഎക്‌സ്‌പോര്‍ട്ട് ചെയ്ത ചരക്കുകളുടെ മൂല്യത്തില്‍ 5.7 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ജനുവരിയില്‍ എണ്ണ കയറ്റുമതി കൂടി ഉൾപ്പെടെയുള്ള മൊത്തം കയറ്റുമതിയിൽ 2.4 ശതമാനമാണ് വർധന. ഇറക്കുമതി 8.3 ശതമാനവും വര്‍ധിച്ചു. വ്യാപാര മിച്ചം 11.9 ശതമാനം കുറഞ്ഞു. ആകെ കയറ്റുമതിയില്‍ എണ്ണ കയറ്റുമതി 74.8 ശതമാനത്തില്‍ നിന്ന് 72.7 ശതമാനമായി കുറഞ്ഞു.
കയറ്റുമതിയിൽ ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. മൊത്തം കയറ്റുമതിയുടെ 15.2 ശതമാനവും ചൈനയിലേക്കായിരുന്നു. ഇറക്കുമതിയുടെ 26.4 ശതമാനവും ചൈനയിൽ നിന്നാണ്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. കയറ്റുമതിയുടെ 10.9 ശതമാനം ഇന്ത്യയിലേക്കായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ജപ്പാനിലേക്ക് 10.2 ശതമാനവും. ദക്ഷിണ കൊറിയ, യുഎഇ, ഈജിപ്ത്, ബഹ്റൈൻ, യുഎസ്, മലേഷ്യ, സിംഗപൂർ എന്നീ രാജ്യങ്ങളാണ് മുന്നിൽ നിൽക്കുന്ന മറ്റുള്ളവർ.
എണ്ണയ്ക്കു പുറമെ സൗദിയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്നത് കെമിക്കൽ ഉൽപ്പന്നങ്ങളാണ്. പ്ലാസ്റ്റിക്, റബർ, ഇവയുടെ ഉപോൽപ്പന്നങ്ങളുമാണ് പിന്നീട് വരുന്നത്. മെഷിനറികൾ, ഇലക്ട്രിക് ഉപകരണങ്ങൾ, പാർട്സ് എന്നിവയാണ് ഏറ്റവും കൂടുതൽ സൗദിയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നവ. ജനുവരിയില്‍ കയറ്റുമതി 97.2 ബില്യണ്‍ റിയാലും ഇറക്കുമതി 72.6 ബില്യണ്‍ റിയാലും ആകെ വ്യാപാരം 169.8 ബില്യണ്‍ റിയാലും വ്യാപാര മിച്ചം 24.6 ബില്യണ്‍ റിയാലുമായിരുന്നു.