റിയാദ്. നീണ്ട കാത്തിരിപ്പിനൊടുവിൽ അമേരിക്കൻ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ല സൗദി അറേബ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ തുറന്നു. ചരിത്രനഗരിയായ ദിർഇയയിൽ പ്രത്യേകമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സൗദി വിപണിയിലേക്കുള്ള ടെസ്ലയുടെ അരങ്ങേറ്റം. സൈബർട്രക്ക്, പുതിയ രൂപത്തിലെത്തിയ മോഡൽ വൈ എന്നീ ടെസ്ല കാറുകളായിരുന്നു ഉദ്ഘാടന വേദിയിലെ താരങ്ങൾ. മോഡൽ 3യും സൗദിയിലെത്തിയിട്ടുണ്ട്. ടെസ്ല മേധാവി ഇലൻ മസ്കിന്റെ ഒരു ട്വീറ്റിനെ ചൊല്ലി ഉണ്ടായ വിവാദമാണ് സൗദിയിലേക്കുള്ള ടെസ്ലയുടെ വരവ് വൈകിയത്. ഉടൻ കാറുകൾ വിതരണം ചെയ്യുമെന്നും 21 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. കൂടി നിര്‍മിക്കുമെന്നും വേനല്‍ക്കാലത്ത് കാറുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും നസീം അക്ബര്‍ സാദ അറിയിച്ചു.
ലോകത്തുടനീളം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ എന്ന പദവി ചൈനീസ് ഇവി ഭീമനായ ബിവൈഡി സ്വന്തമാക്കിയതും, വിൽപ്പന ഇടിവിനൊപ്പം ഈ വർഷം ആദ്യ പാദത്തിൽ സമീപകാലത്തെ ഏറ്റവും വലിയ നഷ്ടം നേരിടുകയും ചെയ്തത് ടെസ്ലയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 2030ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന സൗദിയിൽ മികച്ച വിപണിയാണ് ടെസ്ല മുന്നിൽ കാണുന്നത്. സൗദിയിലും മുഖ്യ എതിരാളി ബിവൈഡി വലിയ വിപുലീകരണ പദ്ധതികളുമായി സജീവമാണ്.
വേണ്ടത്ര ചാർജിങ് സ്റ്റേഷനുകൾ ഇല്ലാത്തതും, ഇന്ധനത്തിലോടുന്ന വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ കൂടുതൽ പ്രിയവും കാരണം സൗദിയിൽ ഇലക്ട്രിക് വാഹന വിപണി പരിമിതമാണ്. 2022ല്‍ 210ഉം 2023ല്‍ 779ഉം ഇലക്ട്രിക് വാഹനങ്ങളാണ് സൗദി അറേബ്യ ഇറക്കുമതി ചെയ്തത്. സ്റ്റാറ്റിസ്റ്റ തയാറാക്കിയ 2024ലെ കണക്കനുസരിച്ച് സൗദിയില്‍ 101 ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ മാത്രമെയുള്ളൂ. അതേസമയം ചെറിയ രാജ്യമായ യുഎഇയില്‍ 261 ചാര്‍ജിങ് സ്റ്റേഷനുകളുണ്ടായിരുന്നു.
പ്രകൃതി സൗഹൃദ, സുസ്ഥിരതാ നയങ്ങളനുസരിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് സൗദി വലിയ പരിഗണന നൽകുന്നുണ്ട്. ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തുടനീളം ഒരുക്കുന്നതിന് വിപുലമായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. 2030ഓടെ രാജ്യത്തുടനീളം 5,000 ചാർജിങ് സ്റ്റേഷനുകൾ തുറക്കാൻ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ (EVIQ) നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സൗദി ഇലക്ട്രിസിറ്റി കമ്പനി, പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, അൽ ഫുത്തൈം ഇലക്ട്രിക് മൊബിലിറ്റി എന്നിവർ ചേർന്നുള്ള സംയുക്ത സംഭരമാണ് ഇവിക്ക്. അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ഇവിക്ക് ബിവൈഡിയുമായി കരാറൊപ്പിട്ടിരുന്നു.
പരിമിതമായ വിപണിയാണെങ്കിലും മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ സൗദി അറേബ്യ ഇലക്ട്രിക് വാഹന വ്യവസായത്തെ ആകര്‍ഷിക്കാന്‍ ബഹുവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. മറ്റൊരു അമേരിക്കൻ ഇവി നിർമാതാക്കളായ ലൂസിഡിന്റെ 60 ശതമാനം ഓഹരികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്വന്തമാക്കുകയും രാജ്യത്ത് കാർ നിർമാണം തുടങ്ങുകയും ചെയ്തിരുന്നു. സൗദി നിർമിത ഇവി എന്ന പേരിൽ ലൂസിഡിന് സ്വീകാര്യത ലഭിച്ചുവരുന്നുണ്ട്. ജിദ്ദയ്ക്കു സമീപം റാബിഗില്‍ ലൂസിഡ് കാർനിർമാണ പ്ലാന്റ്. കൂടാതെ 2022ല്‍ മറ്റൊരു പ്രാദേശിക ഇലക്ട്രിക് കാര്‍ ബ്രാന്‍ഡായി സീറും അവതരിപ്പിക്കപ്പെട്ടു. വൈദ്യുതിയിലും പ്രകൃതിവാതകത്തിലും പ്രവര്‍ത്തിക്കുന്ന കാറുകള്‍ സൗദിയിൽ നിര്‍മിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടേയുമായും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ധനത്തിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ അടക്കം താങ്ങാവുന്ന വിലയില്‍ ബിവൈഡി വിൽപ്പന നടത്തിവരുന്നുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദിയില്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ വാഹനങ്ങളാണ് ഏറെ ജനപ്രിയം. ഇന്ധന വില കുറവാണെന്നതും ഇതിനൊരു കാരണമാണ്. രാജ്യത്തെ പ്രധാന നഗരങ്ങൾക്കിടയിലെ ദൂരം വളരെ കൂടുതലായതിനാൽ ഒറ്റ ചാർജിൽ പരിമിത ദൂരം സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് മുൻഗണന ലഭിച്ചേക്കില്ല. റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള ദൂരം 950 കിലോമീറ്ററാണ്. നിലവിൽ വിപണിയിലുള്ള ഇലക്ട്രിക് കാറുകളുടെ പരമാവധി ശേഷി ഒറ്റ ചാർജിൽ ഏകദേശം 400 കിലോമീറ്ററാണ്. കൂടാതെ വേനലിൽ ഉയർന്ന അന്തരീക്ഷ താപനിലയും ഇ.വി. ബാറ്ററികളുടെ ആയുസ്സിനെ ബാധിക്കും.