Site icon saudibusinesstimes.com

സൗദി തുറമുഖങ്ങൾ വഴിയുള്ള ചരക്കു നീക്കത്തിൽ വളർച്ച

Jeddah islamic port saudi business times saudi ports

ജിദ്ദ. സൗദി പോര്‍ട്സ് അതോറിറ്റിയുടെ കീഴിലുള്ള രാജ്യത്തെ പ്രധാന തുറമുഖങ്ങളില്‍ ചരക്കു നീക്കത്തിലും കപ്പൽ സർവീസിലും പോയ മാസം വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 7,50,634 കണ്ടെയ്‌നറുകളാണ് സൗദി തുറമുഖങ്ങൾ കൈകാര്യം ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ഇത് 6,85,414 കണ്ടെയ്‌നറുകളായിരുന്നു. ഈ വർഷം 9.52 ശതമനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

മറ്റിടങ്ങളിലേക്കുള്ള ചരക്കുകൾ കപ്പലുകൾ മാറ്റുന്നതിനായി ഇറക്കിക്കയറ്റുന്ന ട്രാൻസ്ഷിപ്മെന്റ് ഇടപാടുകളിലും മികച്ച വർധന രേഖപ്പെടുത്തി. ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്നറുകള്‍ 14.68 ശതമാനം വര്‍ധിച്ച് 1,89,407 ആയി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സൗദി തുറമുഖങ്ങളില്‍ 1,65,161 ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. ആഗോള വ്യാപാര രംഗത്ത് സൗദി ഒരു പ്രധാന കേന്ദ്രമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

കണ്ടെയ്നർ ഇറക്കുമതിയിലും കയറ്റുമതിയിലും വളർച്ചയുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത കണ്ടെയ്നറുകളുടെ എണ്ണം 7.95 ശതമാനം വര്‍ധിച്ച് 2,79,550 ആയി. മുൻവർഷം ഇത് 2,58,955 കണ്ടെയ്‌നറുകളായിരുന്നു. ഇറക്കുമതി ചെയ്ത കണ്ടെയ്നറുകളുടെ എണ്ണം 7.8 ശതമാനം വര്‍ധിച്ച് 2,81,677 ആയി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 2,61,298 കണ്ടെയ്‌നറുകളായിരുന്നു ഇറക്കുമതി ചെയ്തത്.

യാത്രാ കപ്പല്‍ സര്‍വീസുകള്‍ 13.16 ശതമാനമാണ് വർധിച്ചത്. ഓഗസ്റ്റിൽ രാജ്യത്തെ തുറമുഖങ്ങളില്‍ 1,118 കപ്പല്‍ സര്‍വീസുകള്‍ നടന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 988 ആയിരുന്നു. യാത്രക്കാരുടെ എണ്ണം 70.10 ശതമാനം വര്‍ധിച്ച് 85,636 ആയി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 50,345 യാത്രക്കാരെയാണ് സ്വീകരിച്ചത്.

ഓഗസ്റ്റിൽ തുറമുഖങ്ങള്‍ വഴി 1,03,411 വാഹനങ്ങളാണ് നീക്കം ചെയ്തത്. 4,94,950 കന്നുകാലികളെ ഇറക്കുമതി ചെയ്തു. അതേസമയം, തുറമുഖങ്ങളില്‍ കൈകാര്യം ചെയ്ത ജനറല്‍, ബള്‍ക്ക് കാര്‍ഗോ 12.44 ശതമാനം കുറഞ്ഞ് 2,01,99,559 ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,30,69,278 ടണ്‍ ആയിരുന്നു. 2025 ജൂലൈയില്‍ തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ 12.01 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

Exit mobile version