റിയാദ്. സൗദി അറേബ്യയിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 37 ശതമാനം പാദവാർഷിക വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ്. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ഉൾപ്പെടുന്ന മൂന്നാം പാദത്തിൽ 1600 കോടി റിയാലാണ് രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം. രാജ്യത്തേക്ക് വന്നതും പുറത്തു പോയതുമായ ആകെ നിക്ഷേപങ്ങൾ കണക്കാക്കിയ ശേഷമുള്ള രാജ്യത്തിന്റെ അറ്റ നിക്ഷേപ നേട്ടമാണിത്. രണ്ടാം പാദത്തിൽ (ഏപ്രിൽ, മേയ്, ജൂൺ) ഇത് 1170 കോടി റിയാലായിരുന്നു.
നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതാണ് ഈ വളർച്ച സാധ്യമാക്കിയത്. വിദേശ നിക്ഷേപങ്ങളുടെ പുറത്തേക്കുള്ള ഒഴുക്ക് 74.36 ശമതാനം കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്തേക്ക് വരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ വരവ് 7.22 ശതമാനം കുറഞ്ഞ് 1800 കോടി റിയാലിലെത്തി.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ രണ്ടു വർഷമായി വിവിധ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സൗദി സുപ്രധാന പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിക്ഷേപകർക്ക് ആകർഷകമായ ഒരു നിക്ഷേപ കേന്ദ്രമാക്കി രാജ്യത്തെ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2030ഓടെ വാർഷിക എഫ്ഡിഐ 100 ബില്യൻ ഡോളറിലെത്തിക്കാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇത് ജിഡിപിയുടെ 5.7 ശതമാനമാക്കി ഉയർത്താനും ലക്ഷ്യമിടുന്നു. രാജ്യത്ത് നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങൾക്കും നിയോം പോലുള്ള വൻകിട പദ്ധതികളിലെ തന്ത്രപ്രധാന നിക്ഷേപങ്ങൾക്കുമൊപ്പം ഈ ലക്ഷ്യം കൈവരിക്കാനുള്ള കുതിപ്പിലാണ് രാജ്യം.
നിക്ഷേപകാര്യ മന്ത്രാലയം ഒക്ടോബറിൽ അവതരിപ്പിച്ച പുതിയ രീതിശാസ്ത്രം ഉപയോഗിച്ചാണ് വിദേശ നിക്ഷേപങ്ങൾ കണക്കാക്കുന്നത്. രാജ്യാന്തര ഇടപാടുകളിൽ കൂടുതൽ സുതാര്യതയും കൃത്യതയും നൽകുന്ന രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) യുടെ ബാലൻസ് ഓഫ് പേമെന്റ് മാന്വലിന്റെ ആറാം പതിപ്പുമായി യോജിക്കുന്നതാണ് സൗദി അവലംബിച്ച പുതിയ രീതി