
റിയാദ്: സൗദിയില്‍ പാലുൽപ്പന്നങ്ങളുടെ പ്രതിവർഷ ഉൽപ്പാദനം 26 ലക്ഷം ടൺ കവിഞ്ഞു. ക്ഷീരോൽപ്പാദനത്തിൽ സ്വയംപര്യാപ്ത 129 ശതമാനമായി ഉയര്‍ന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പാലിന്റെയും ഉപോല്‍പന്നങ്ങളുടേയും ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് റമദാനിൽ മന്ത്രാലയം പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതില്‍ കര്‍ഷകരുടെയും ഉല്‍പാദകരുടെയും പങ്ക് വര്‍ധിപ്പിക്കലും ഈ പ്രചരണത്തിന്റെ ലക്ഷ്യമാണ്. റമദാനില്‍ നടത്താറുള്ള കാമ്പയിന്റെ ഭാഗമായാണ് പാലുല്‍പന്നങ്ങളില്‍ ഉയര്‍ന്ന സ്വയംപര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്താനും നടത്തുന്ന ശ്രമങ്ങളും മന്ത്രാലയം ഈ കാമ്പയിനിലൂടെ പരിചയപ്പെടുത്തുന്നു.
രാജ്യത്ത് പാല്‍ ഉല്‍പാദനത്തെ പിന്തുണക്കുന്നതില്‍ കന്നുകാലി ഫാമുകൾ പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്ത് 74 ലക്ഷത്തിലേറെ ആടുകളും 5,02,000 പശുക്കളുമുണ്ട്. കന്നുകാലി പ്രജനനത്തിലും വളര്‍ത്തലിലും ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ ഈ രംഗത്ത് ശ്രദ്ധേയമായ വികസനം ഉണ്ടായിട്ടുണ്ട്. ഇത് ഉല്‍പാദന കാര്യക്ഷമത വര്‍ധിപ്പിക്കുകയും വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. കോഴിയിറച്ചി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്ത 72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിവര്‍ഷം 10 ലക്ഷം ടണ്ണിലേറെ കോഴിറച്ചി രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നതായും മന്ത്രാലയം പറഞ്ഞു.