റിയാദ്. പെരുന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളുടെ ഭാഗമായി ചോക്ലേറ്റ് ഷോപ്പുകളിൽ വൻ തിരക്ക്. റമദാനില്‍ ആദ്യ മൂന്ന് ആഴ്ചകളിൽ ഏറെക്കുറെ നിശ്ചലമായിരുന്ന ചോക്കലേറ്റ് വിപണി ഏതാനും ദിവസങ്ങളായി കൂടുതൽ സജീവമായിരിക്കുകയാണ്. വൈവിധ്യമാർന്ന ചോക്ലേറ്റ് മിഠായികൾക്ക് ആവശ്യക്കാരേറി വരികയാണ്. ആഘോഷ സീസണിലാണ് വിൽപ്പന ചൂടുപിടിക്കുക. 2024ൽ സൗദി അറേബ്യ 12.3 കോടിയിലേറെ കിലോ ഗ്രാം ചോക്ലേറ്റ് ആണ് ഇറക്കുമതി ചെയ്തതെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു.
പെരുന്നാൾ സീസണിൽ വ്യത്യസ്ത രുചിഭേദങ്ങളുള്ള ചോക്ലേറ്റുകൾക്കാണ് ഡിമാൻഡ് കൂടുതൽ. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നവയ്ക്കു പുറമെയാണ് ഇറക്കുമതി ചെയ്യുന്ന ചോക്ലേറ്റിന് വിപണിയിൽ നല്ല സ്വീകാര്യത ലഭിക്കുന്നത്. യുഎഇ, ജോർദാൻ, ഈജിപ്ത്, തുർക്കി, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വൈവിധ്യമാര്‍ന്ന മിഠായികൾ ലഭ്യമാക്കാൻ ഇറക്കുമതി സഹായിക്കുന്നു.
ആഘോഷങ്ങളുടെ, പ്രധാനമായും പെരുന്നാളിന്റെ അനിവാര്യ ഭാഗമായതിനാല്‍ ഉപഭോക്താക്കള്‍ ചോക്ലേറ്റ് വലിയ അളവിലാണ് വാങ്ങുന്നത്. ചോക്ലേറ്റിലെ വൈവിധ്യങ്ങൾക്കു പുറമെ രൂപകൽപ്പനയിലും അലങ്കാരങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന രൂപത്തിലാണ് വിലകൂടിയ ചോക്ലേറ്റുകൾ ഒരുക്കിയിട്ടുള്ളത്. ഈ വിപണിയിലെ മാറിവരുന്ന ട്രെൻഡും ഈ രൂപകൽപ്പനകളിൽ പ്രകടമാണ്. ഷോപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു.
കിലോഗ്രാമിന് 30 റിയാൽ മുതൽ 150 റിയാൽ വരെയാണ് വിവിധയിനം പ്രാദേശിക മിഠായികളുടെ വില. സവിശേഷ ഫില്ലിങ് ഉള്ള ചോക്ലേറ്റുകൾക്ക് കിലോഗ്രാമിന് 300 റിയാൽ വരെ വിലയുണ്ട്. ഉൽപ്പാദിപ്പിച്ച രാജ്യം, പാക്കിങ് ഗുണനിലവാരം, പാക്കിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാരം എന്നിവയെല്ലാം വിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. താരതമ്യേന ഉൽപ്പാദനച്ചെലവ് കുറവുള്ളതിനാലും മികച്ച ഉൽപ്പാദനം നടക്കുന്നതിനാലും വിലയിൽ സ്ഥിരതയുണ്ട്. യുറോപ്യൻ രാജ്യങ്ങളിൽ നിന്നെത്തുന്ന മിഠായികൾക്കാണ് വില കൂടുതൽ.
സമൃദ്ധമായ ഉല്‍പാദനവും താരതമ്യേന കുറഞ്ഞ ഉല്‍പാദനച്ചെലവുമാണ് ഇതിന്റെ വില സ്ഥിരതക്ക് കാരണം. ഇറക്കുമതി ചെയ്യുന്ന മിഠായികള്‍ക്ക് വില കൂടുതലാണ്. യൂറോപ്യന്‍, കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മിഠായികള്‍ക്കാണ് കൂടുതല്‍ വില. പ്രത്യേക ഫില്ലിംഗുകളുള്ള ഒരു കിലോഗ്രാം ചോക്കലേറ്റിന് 300 റിയാല്‍ വരെ വിലയുണ്ട്.