റിയാദ്. സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് (Flynas) റിയാദ്, ജിദ്ദ, മദീന, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകളുമായി പ്രവര്‍ത്തനം വിപുലീകരിക്കുന്നു. പുതുതായി പോളണ്ടിലെ കാര്‍കോവ്, സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ, ഇറ്റലിയിലെ മിലാന്‍, തുര്‍ക്കിയയിലെ റിസെ എന്നീ നഗരങ്ങളിലേക്കാണ് ഈ സമ്മര്‍ ഷെഡ്യൂളില്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വളര്‍ച്ച കൈവരിച്ച ഫ്‌ളൈനാസ് കൂടുതല്‍ പുതിയ വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ്. യാത്രക്കാരുടെ എണ്ണം 2023ല്‍ 1.1 കോടിയില്‍ നിന്ന് 2024ല്‍ 1.47 കോടി ആയി ഉയര്‍ന്നിരുന്നു. സൗദിയിലെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഫ്‌ളൈനാസും കുതിക്കുകയാണ്. 280 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ് കമ്പനി. സൗദിയില്‍ നിന്നുള്ള ഏറ്റവും വലിയ വിമാന ഓര്‍ഡറാണിത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 160 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്‌ളൈനാസ് എയര്‍ബസുമായി കരാര്‍ ഒപ്പിട്ടിരുന്നു.
2030ഓടെ 15 കോടി അന്താരാഷ്ട്ര യാത്രക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫ്‌ളൈനാസ് വക്താവ് വലീദ് അഹ്‌മദ് പറഞ്ഞു. 33 കോടി യാത്രക്കാരെ ആകര്‍ഷിക്കുക എന്ന വിഷന്‍ 2030 പദ്ധതിക്ക് കാര്യമായ പിന്തുണയാണ് നല്‍കിവരുന്നത്. കഴിഞ്ഞ മാസം നടന്ന കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വന്‍കിട നിക്ഷേപകരും റീട്ടെയില്‍ നിക്ഷേപകരും ആവേശത്തോടെയാണ് ഫ്‌ളൈനാസ് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. പ്രതീക്ഷിച്ച നിരക്കിലും അധികമമായി, ഓഹരി ഒന്നിന് 80 റിയാല്‍ നിരക്കിലായിരുന്നു വില്‍പ്പന. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ കമ്പനിയുടെ വിപണി മൂല്യം 1,360 കോടി റിയാലായി ഉയര്‍ന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന സൗദിയിലെ ആദ്യ വിമാന കമ്പനിയാണ് ഫ്‌ളൈനാസ്. ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു വിമാന കമ്പനി പ്രഥമ ഓഹരി വില്‍പ്പന നടത്തിയത്.