svg

ടാക്‌സി കാറുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാം, 9 സാഹചര്യങ്ങളില്‍ യാത്രക്കാരെ തടയാം; സൗദിയിൽ വരാനിരിക്കുന്ന മാറ്റങ്ങള്‍ ഇങ്ങനെ

SBT DeskNEWS5 days ago14 Views

റിയാദ്. സൗദി അറേബ്യയില്‍ പബ്ലിക് ടാക്‌സി, എയര്‍പോര്‍ട്ട് ടാക്‌സി വാഹനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും യാത്രാ സേവനം മെച്ചപ്പെടുത്തുന്നതിനും പുതിയ കരട് ചട്ടങ്ങള്‍ക്ക് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപം നല്‍കി. ടാക്‌സി വാഹനങ്ങള്‍ക്കുള്ളില്‍ പരസ്യം അനുവദിക്കാനും, ചില സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് സേവനം നിഷേധിക്കാന്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതുമടക്കമുള്ള സുപ്രധാന ചട്ടങ്ങളാണ് കരട് രേഖയിലുള്ളത്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനായി കരട് ചട്ടങ്ങള്‍ ഇസ്തിത്‌ല പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതുവഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ഈ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ച ശേഷം ആവശ്യമെങ്കില്‍ ഭേദഗതികളോടെ ചട്ടങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.

പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ടാക്‌സി കാറുകള്‍ക്കുള്ളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നല്‍കുന്ന പ്രധാന നിര്‍ദേശവും കരട് രേഖയിലുണ്ട്. ഇലക്ട്രോണിക് സ്‌ക്രീനിലോ അല്ലാതെയൊ ഉള്ള പരസ്യങ്ങള്‍ വാഹനത്തിനുള്ളില്‍ പ്രദര്‍ശിപ്പിക്കാം. എന്നാല്‍ ഇത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രൂപത്തില്‍ ആയിരിക്കരുത് എന്ന നിബന്ധനയുമുണ്ട്. നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ പ്രകാരം ടാക്‌സി ഡ്രൈവര്‍ക്ക് ഒമ്പത് സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് യാത്ര സേവനം നിഷേധിക്കാനും വകുപ്പുണ്ട്. യാത്രക്കാരുടെ എണ്ണം കാറിലെ ലഭ്യമായ സീറ്റുകളെക്കാള്‍ കൂടുക, യാത്രയിലുടനീളം യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, യാത്രക്കാരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമോ ലഹരി മരുന്ന് ഉപയോഗിച്ച ലക്ഷണങ്ങളോ കണ്ടാല്‍, അഞ്ജാത സ്ഥലത്തേക്ക് ട്രിപ്പ് വിളിക്കുക, വാഹന ഭാഗങ്ങള്‍ കേടുവരുത്തുക, പൊതുമര്യാദ ലംഘിക്കുക തുടങ്ങിവ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ യാത്ര നിഷേധിക്കാന്‍ ഡ്രൈവറെ പുതിയ ചട്ടം അനുവദിക്കുന്നുണ്ട്.

ഡ്രൈവര്‍മാരും കര്‍ശനമായി പാലിക്കേണ്ട കാര്യങ്ങളുമം ഈ ചട്ടം വ്യക്തമാക്കുന്നുണ്ട്. യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഫയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരിക്കണം. മാന്യവും സ്വീകാര്യവുമായ രീതിയില്‍ വസ്ത്രം ധരിക്കുക, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വസ്ത്രധാരണ ചട്ടം പാലിക്കുക, വാഹനം വൃത്തിയായി സൂക്ഷിക്കുക, വാഹനത്തിനുള്ളില്‍ പുകവലിക്കാതിരിക്കുക, യാത്രക്കാരുടെ സ്വകാര്യത ലംഘിക്കാതിരിക്കുക, “ഫയര്‍ മീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഈ യാത്ര സൗജന്യമായി പരിഗണിക്കപ്പെടും” എന്ന അറിയിപ്പ് കാറില്‍ പ്രദര്‍ശിപ്പിക്കുക, വളര്‍ത്തുമൃഗങ്ങളെ കൂട്ടിലടച്ചു മാത്രമെ വാഹനത്തിനുള്ളില്‍ അനുവദിക്കൂ തുടങ്ങിയ ചട്ടങ്ങളാണ് പുതിയ കരട് രേഖയിലുള്ളത്.

പബ്ലിക് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അനുവദിക്കപ്പെട്ട ലൈസന്‍സില്‍ പരാമര്‍ശിച്ച നഗരത്തിനുള്ളില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. യാത്രക്കാരെ മറ്റു നഗരങ്ങളിലേക്ക് കൊണ്ടുപോകാന്‍ തടസ്സമില്ല. എയര്‍പോര്‍ട്ട് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരെ മറ്റു നഗരങ്ങളിലേക്കും, ടൗണുകളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും കൊണ്ടു പോകാം. എന്നാല്‍ ഈ സ്ഥലങ്ങളില്‍ നിന്ന് തിരികെ എയര്‍പോര്‍ട്ടിലേക്കുള്ള ടാക്‌സി ഓട്ടം അനുവദനീയമല്ല.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
Loading Next Post...
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...