ജിദ്ദ. ഇമിഗ്രേഷൻ കൗണ്ടറുകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കി യാത്രക്കാർക്ക് അനായാസം കടന്നു പോകാവുന്ന യന്ത്രവൽകൃത പരിശോധനാ സംവിധാനമായ ഇ-ഗേറ്റുകൾ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. ജവാസാത്ത് സ്റ്റാഫിന്റെ ഇടപെടലില്ലാതെ യാത്രക്കാർക്ക് സ്വയം ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്ന 70 ഇ-ഗേറ്റുകളാണ് ജിദ്ദ എയർപോർട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. പാസ്പോർട്ട് സ്കാൻ ചെയ്ത്, ഫെയ്സ് റെക്കഗ്നിഷൻ, ഫിംഗർപ്രിന്റ് ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ യന്ത്രം തന്നെ സ്വമേധയാ പരിശോധിച്ച് യാത്രക്കാരന്റെ ഐഡിന്റിറ്റി സ്ഥിരീകരിക്കുന്ന സംവിധാനമാണ് ഇ-ഗേറ്റ്. യാത്രക്കാരുടെ വിവരങ്ങൾ ജവാസാത്തിന്റെ ഡേറ്റാബേസിലെ വിവരങ്ങളുമായി ഒത്തുനോക്കുന്ന ഈ പ്രക്രിയ ഇ-ഗേറ്റുകൾക്ക് അതിവേഗം പൂർത്തിയാക്കാൻ കഴിയും.
ജിദ്ദയിലെ എയർപോർട്ടിലെ ടെര്‍മിനൽ വണ്ണിലും എക്‌സിക്യൂട്ടീവ് ഓഫീസുകളിലുമാണ് 70 ഇ-ഗെയ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 2500 യാത്രക്കാരുടെ ഇമിഗ്രേഷൻ പരിശോധന സ്വമേധയാ പൂർത്തിയാക്കാൻ ഒരു ഇ-ഗേറ്റിനു കഴിയും. ദിവസേന 1.75 ലക്ഷം യാത്രക്കാരുടെ ഇങ്ങനെ പൂർത്തിയാക്കാനുള്ള ശേഷി ഇപ്പോൾ ജിദ്ദ എയർപോർട്ടിലുണ്ട്. ഇതുവഴി കാത്തിരിപ്പു സമയം 70 ശതമാനം വരെ കുറക്കാൻ കഴിയും. ഇമിഗ്രേഷൻ നടപടിക്രമങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും വേഗത്തിലാക്കാനും ഇ-ഗേറ്റുകൾ സഹായിക്കുന്നു. ഇതുവഴി യാത്രക്കാരുടെ എയർപോർട്ട് അനുഭവവും മെച്ചപ്പെടും.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നിയോം ബേ എയര്‍പോര്‍ട്ടിലുമാണ് ഇതുവരെ ഇ-ഗെയ്റ്റ് സേവനം ലഭ്യമായിരുന്നത്. ജവാസാത്ത് ഡയറക്ടറേറ്റ്, മാതാറാത്ത് ഹോള്‍ഡിംഗ് കമ്പനി, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇ-ഗെയ്റ്റ് സേവനം ആരംഭിച്ചിരിക്കുന്നത്.