അബുദാബി. ദുബായ് ആസ്ഥാനമായ ആഗോള ലോജിസ്റ്റിക്‌സ്, ഷിപ്പിങ് കമ്പനിയായ ആരാമെക്‌സിനെ ഏറ്റെടുക്കാന്‍ അബുദാബി സര്‍ക്കാരിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ എഡിക്യൂ നീക്കം. എഡിക്യൂവിന്റെ ഉപകമ്പനിയായ ക്യൂ ലോജിസ്റ്റ്ക്‌സ് മുഖേനയാണ് ആരാമെക്‌സിന്റെ ഓഹരികള്‍ വാങ്ങുന്നതെന്ന് സ്‌റ്റോക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപോര്‍ട്ടില്‍ എഡിക്യൂ പറയുന്നു. ഒരു ഓഹരിക്ക് മൂന്ന് ദിര്‍ഹമാണ് വില കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം ആരാമെക്‌സിന്റെ മൂല്യം 439 കോടി ദിര്‍ഹം വരുമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് പറയുന്നു. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആരാമെക്‌സിന്റെ ഓഹരി വില 14.7 ശതമാനം വര്‍ധിച്ച് 2.65 ദിര്‍ഹമിലെത്തി.
കര, വ്യോമ, കടല്‍ മാര്‍ഗങ്ങളില്‍ ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കി വരുന്ന ആരാമെക്‌സ് 65ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2018ല്‍ രൂപീകരിച്ച എഡിക്യൂ വന്‍തോതില്‍ ലോജിസ്റ്റിക്‌സ് രംഗത്ത് നിക്ഷേപമിറക്കുന്നുണ്ട്. അബുദാബിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതിയെ മുന്നില്‍ നിന്ന് നയിക്കുന്ന കമ്പനിയാണ് എഡിക്യൂ. നിലവില്‍ എഡിക്യൂ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 22,500 കോടി ഡോളര്‍ വരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഇത്തിഹാദ് എയര്‍വേയ്‌സ്, അബുദബി പോര്‍ട്‌സ് ഗ്രൂപ്പ് എന്നീ കമ്പനികളില്‍ ഭൂരിപക്ഷ ഓഹരിയും എഡിക്യൂവിന്റേതാണ്. ഇതില്‍ അബുദബി പോര്‍ട്‌സ് ഗ്രൂപ്പിന് നേരത്തെ തന്നെ ആരാമെക്‌സില്‍ 22.7 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ആരാമെക്‌സിനെ ഏറ്റെടുക്കല്‍ സംബന്ധിച്ച അന്തിമ കരാര്‍ ആയിട്ടില്ലെന്ന് ക്യൂ ലോജിസ്റ്റിക്‌സ് വ്യക്തമാക്കി.