കൊച്ചി: ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്‌മദിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ അറബ് കൗണ്‍സില്‍ ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുത്തു. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഫിക്കിയുടെ പ്രത്യേക സമിതിയാണ് ഫിക്കി അറബ് കൗണ്‍സില്‍. 2023ലാണ് അദീബ് അഹ്‌മദ് ഈ സമിതിയുടെ ചെയര്‍മാനായി നിയമതിനായത്. ഈ പദവിയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവെച്ചത്. ഫിക്കി അറബ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഫിക്കിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അദീബ് തുടരും. മിഡില്‍ ഈസ്റ്റ് മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയുടെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കൗണ്‍സില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അദീബിന്റെ നേതൃത്വം ദുബായ് എക്‌സ്‌പോ സിറ്റിയുമായി ധാരണയിലെത്താനും അതുവഴി ഏഷ്യ-പസഫിക് സിറ്റീസ് സമ്മിറ്റ് അടക്കമുള്ള വിവിധ പദ്ധതികളുമായി ദീര്‍ഘകാല സഹകരണത്തിനും വഴിയൊരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിക്ഷേപകരേയും സ്ഥാപനങ്ങളേയും യുഎഇ ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുമായി സഹകരിപ്പിക്കുന്നതിലും ഫിക്കി അറബ് കൗണ്‍സില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യുവസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ഗള്‍ഫ് വിപണിയിലേക്ക് പ്രവേശനം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദീബ് പറഞ്ഞു. മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.