റിയാദ്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകൊ കഴിഞ്ഞ വര്‍ഷത്തെ നാലാം പാദത്തിലെ ലാഭവിഹിതമായി 8,000 കോടി റിയാല്‍ ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. ഒരു ഓഹരിക്ക് 0.3312 റിയാല്‍ തോതിലാണ് ലാഭവിഹിതം ലഭിക്കുക. അടിസ്ഥാന ലാഭവിഹിതമായി 7,928 കോടി റിയാലും പ്രകടനവുമായി ബന്ധപ്പെട്ട ലാഭവിഹിതമായി 82 കോടി റിയാലുമാണ് വിതരണം ചെയ്യുന്നത്. 2025 മാര്‍ച്ച് 17നു മുമ്പുള്ള ഓഹരിയുടമകള്‍ക്കാണ് ലാഭവിഹിതം ലഭിക്കുക.
2024 മൂന്നാം പാദത്തില്‍ അറാംകോ 103.4 ബില്യണ്‍ റിയാല്‍ അറ്റാദായം നേടിയിരുന്നു. 2023ല്‍ ഇതേ കാലയളവില്‍ കമ്പനി അറ്റാദായം 122.2 ബില്യണ്‍ റിയാലായിരുന്നു. ലാഭ നേട്ടത്തിനൊപ്പം കൂടുതൽ ഏറ്റെടുക്കലുകളിലൂടെ ബിസിനസ് വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ് അരാംകോ. കാര്‍ബണ്‍ മലിനീകരണം കുറഞ്ഞ ഹൈഡ്രജന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനായി ജുബൈലിലെ ബ്ലൂ ഹൈഡ്രജന്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസസ് കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതായി അറാംകൊ പ്രഖ്യാപിച്ചിട്ടുണ്ട്.