റിയാദ്. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി ഏഷ്യന്‍ കമ്പനികള്‍ മുന്നോട്ടു വരുന്നതായി സൗദി സ്റ്റോക് എക്‌സ്‌ചേഞ്ച് (Tadawul) സിഇഒ മുഹമ്മദ് അല്‍റുമയ്യ. വിദേശ ഓഹരി വില്‍പ്പനയ്ക്ക് പുതിയ ലിസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സൗദി അറേബ്യ സജീവമായി പരിഗണിച്ചു വരുന്നതിനിടെയാണിത്. സൗദിയിലെ വൈവിധ്യമാര്‍ന്ന നിക്ഷേപ മേഖലകളില്‍ അവസരങ്ങള്‍ തേടുന്ന ഏഷ്യന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അല്‍റുമയ്യ പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള മൂലധന വിപണി പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏഷ്യന്‍ പങ്കാളിത്തം സ്വാഭാവികമായും ഉണ്ടാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയിലെ വിദേശ നിക്ഷേപകരില്‍ 15 ശതമാനവും ഏഷ്യക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്പനികളുടേയും നിക്ഷേപകരുടേയും ആവശ്യങ്ങള്‍ പരിഗണിച്ച് ഓഹരി വിപണിയില്‍ കമ്പനികളുടെ ലിസ്റ്റിങ് പ്രക്രിയ കൂടുതല്‍ എളുപ്പമാക്കുന്നതിനും പുതിയ ഓഹരി ഘടനയും ഓഹരി വിഭാഗങ്ങളും അവതരിപ്പിക്കുന്നതിനുമാണ് ശ്രമം. വിദേശ കമ്പനികളുടെ പങ്കാളിത്തത്തിന് ഇത് അടിത്തറ പാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയും ഹോങ്കോങ്ങും തമ്മില്‍ വിദേശ ധനകാര്യ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതായി കഴിഞ്ഞയാഴ്ച റിപോര്‍ട്ടുണ്ടായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഒരു ബില്യന്‍ ഡോളറാണ് 15 കമ്പനികളുടെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) സൗദി സ്റ്റോക് എക്‌സ്‌ചേഞ്ച് സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 30 ശതമാനത്തോളമാണ് വര്‍ധന രേഖപ്പെടുത്തിയത്.