റിയാദ്. സൗദി അറേബ്യ സമീപകാലത്ത് നടപ്പിലാക്കിയ പുതിയ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഫലമായി രാജ്യത്തെത്തുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിദേശ കമ്പനികൾ നടത്തിയ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ 23 ശതമാനം വർധന രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി പുതിയ നിക്ഷേപ നിയമം നടപ്പാക്കിയതും നിക്ഷേപകരെയും വ്യവസായികളെയും പിന്തുണക്കുന്ന പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതും കമ്പനി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കിയതുംം അടക്കമുള്ള പരിഷ്കരണങ്ങളുടെ ഫലമാണീ വർധന.
59,300ലേറെ വിദേശ കമ്പനികളാണ് 2024ൽ സൗദിയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ നേടിയത്. 2023ല്‍ 48,000 ഓളം വിദേശ കമ്പനികൾക്കാണ് രജിസ്ട്രേഷൻ ലഭിച്ചിരുന്നത്. കെട്ടിട നിര്‍മാണം, വ്യവസായം, പ്രൊഫഷനല്‍ സാങ്കേതിക സേവനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് സേവനം, സപ്പോര്‍ട്ട് സര്‍വീസ്, താമസ-ഭക്ഷണ സേവനം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കൊമേഴ്സ്യൽ രജിസ്ട്രേഷനുകളാണ് ഏറ്റവും കൂടുതൽ.
സൗദി ബിസിനസ് സെന്റര്‍ പ്ലാറ്റ്‌ഫോം വഴി ഇപ്പോൾ കുറഞ്ഞ സമയത്തിനുള്ളില്‍ കമ്പനി സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. 30 മിനിറ്റില്‍ കുറഞ്ഞ സമയം മാത്രം മതി.