മദീന. മദീന മേഖലയിൽ വാണിജ്യ. വ്യാപാര രംഗത്ത് കഴിഞ്ഞ ആറു വർഷത്തിനിടെ മികച്ച വളർച്ച ഉണ്ടായതായി വാണിജ്യ മന്ത്രാലയം. ഔദ്യോഗിക വാണിജ്യ രേഖകൾ പ്രകാരം, 2018ൽ 63,000 ആയിരുന്ന വാണിജ്യ രജിസ്ട്രേഷനുകളുടെ (സിആർ) എണ്ണം 2024 അവസാനത്തോടെ 86,000 ആയി ഉയർന്നു. ഇതിൽ 73,700 രജിസ്ട്രേഷനുകൾ വ്യാപാര സ്ഥാപനങ്ങളും, 12,500 രജിസ്ട്രേഷനുകൾ കമ്പനികളുമാണ്.
വിഷൻ 2030 പദ്ധതികളുടെ ഭാഗമായി മദീന മേഖലയിൽ നടപ്പിലാക്കി വരുന്ന സാമ്പത്തിക, വാണിജ്യ വികസന പദ്ധതികളാണ് ഈ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. മദീനയിലെ പ്രധാന ബിസിനസ് ഈത്തപ്പഴ വ്യവസായമാണ്. 3.43 ലക്ഷം ടണ്‍ ഈത്തപ്പഴമാണ് 2024ല്‍ മദീനയില്‍ ഉല്‍പ്പാദിപ്പിച്ചത്. 2023നെ അപേക്ഷിച്ച് 31 ശതമാനമാണ് വര്‍ധന. ടൂറിസം, ലോജിസ്റ്റിക്സ്, ഹോട്ടൽ, ഐടി എന്നീ രംഗങ്ങളിലാണ് ഏറിയ പങ്ക് ബിസിനസുകളും നടക്കുന്നത്. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്കും വരുമാന സ്ത്രോസ്സുകളുടെ വൈവിധ്യവൽക്കരണത്തിനും ആഭ്യന്തരോൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വാണിജ്യ രംഗത്തെ ഈ വളർച്ച സഹായകമായി.