റിയാദ്. തൊഴിലാളികളുടെ കുറവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ഈ വര്‍ഷം സൗദിയിലും യുഎഇയിലും നിര്‍മാണ മേഖലയില്‍ ചെലവുകള്‍ വര്‍ധിക്കാനിടയുണ്ടെന്ന് രാജ്യാന്തര കോസ്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായ കറീ ആന്റ് ബ്രൗണ്‍ റിപോര്‍ട്ട്. സൗദിയില്‍ നിര്‍മാണ ചെലവുകള്‍ 5-7 ശതമാനവും യുഎഇയില്‍ 2-5 ശതമാനവും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ, ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തെ അതിവേഗ മാറ്റങ്ങള്‍, തൊഴിലാളികളുടെ അപര്യാപ്തത എന്നിയായിരിക്കും മേഖലയിലുടനീളം എല്ലാ വിപണികളിലും നിര്‍മാണ ചെലവുകള്‍ വര്‍ധിക്കാനിടയാക്കുകയെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍മാണ മേഖലയില്‍ ഗള്‍ഫ് മേഖല വലിയ അവസരങ്ങള്‍ നല്‍കുന്നത് തുടരുമെങ്കിലും കമ്പനികള്‍ക്ക് ജാഗ്രത ആവശ്യമാണെന്ന് കറീ ആന്റ് ബ്രൗണ്‍ സേതണ്‍ ഗള്‍ഫ് മാനേജിങ് ഡയറക്ടര്‍ ഡഗ് മഗില്ലിറേ പറഞ്ഞു.
ലോകത്ത് പലയിടത്തുമുള്ള സംഘര്‍ഷങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പ്രവചിക്കാനാവാത്ത സ്ഥിതിവിശേങ്ങളും നിര്‍മാണ വസ്തുക്കളുടേയും തൊഴിലാളികളുടേയും വിതരണത്തെ പ്രതികൂലമായി ബാധിക്കും. ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്ത്, പ്രത്യേകിച്ച് എഐ രംഗത്തെ അതിവേഗ മാറ്റങ്ങളും ആഗോള തലത്തില്‍ നിര്‍മാണ മേഖലയില്‍ മത്സരം അതിശക്തമാക്കും. ഇത് ഭവന നിര്‍മാണം, ഡിജിറ്റല്‍ പശ്ചാത്തലസൗകര്യം, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ പ്രത്യേകിച്ച് തൊഴില്‍ ചെലവുകള്‍ വര്‍ധിപ്പിക്കും.