റിയാദ്. സൗദി അറേബ്യയില്‍ നിന്ന് റഷ്യയിലേക്ക് നേരിടുള്ള വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. റഷ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ സൗദി ഗതാഗത മന്ത്രി സാലിഹ് അല്‍ ജാസര്‍ പറഞ്ഞിരുന്നു.
ദേശീയ വിമാന കമ്പനികളായ സൗദിയ, ഫ്‌ളൈനാസ്, ഫ്‌ളൈഅദീല്‍, റിയാദ് എയര്‍ലൈന്‍സ് എന്നിവരും സര്‍വീസ് ആരംഭിക്കും. സൗദി കമ്പനികളുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന് അവരുമായി ചര്‍ച്ചയിലാണെന്നും മന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്‌സ്, വ്യോമയാന മേഖലകളില്‍ കാര്യമായ വികസനം നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ഇടങ്ങളിലേക്കുള്ള വിമാന സര്‍വീസ് വ്യോമയാന മേഖലയുടെ വളര്‍ച്ചയില്‍ വളരെ പ്രധാനമാണ്, അദ്ദേഹം പറഞ്ഞു.
ലോകത്തെ മികച്ച എയര്‍ലൈനുകള്‍ക്ക് നല്‍കുന്ന സ്‌കൈട്രാക്‌സ് റാങ്കിങ്ങില്‍ ഈയിടെ സൗദിയ 17-ാം സ്ഥാനത്തെത്തിയിരുന്നു. 2016ല്‍ 82-ാം സ്ഥാനത്തായിരുന്ന സൗദിയ ആഗോള റാങ്കിങ്ങളില്‍ മികച്ച ഉയര്‍ച്ചയാണ് നേടിയത്. ആഗോള തലത്തില്‍ വ്യോമയാന മേഖല നിരവധി വെല്ലുവിളികള്‍ നേരിടുമ്പോഴാണിത്. വിമാനങ്ങളുടെ അകത്തളം നവീകരിക്കുന്നതിനുള്ള വിപുലമായ പദ്ധതിക്കും തുടക്കം കുറിച്ചുണ്ട്. 2027ഓടെ സൗദിയ വിമാനങ്ങളുടെ അകത്തളം, ബിസിനസ് ക്ലാസിലും ഇക്കോണമി ക്ലാസിലും പുതുമയുള്ളതായിരിക്കും.