റിയാദ്. സൗദി അറേബ്യയിൽ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് തിരിച്ചു നൽകുന്ന ഇസ്തിര്‍ദാദ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 150 കോടി റിയാലിന്റെ പദ്ധതിയാണിത്. പുതിയ സംരംഭങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് യോഗ്യരായ സ്റ്റാർട്ടപ്പുകൾക്ക് ആദ്യ മൂന്ന് വർഷത്തേക്ക് വിവിധ സർക്കാർ ഫീസുകൾ തിരിച്ചു നൽകുന്നതാണ് പദ്ധതിക്ക് രൂപം നൽകിയത് സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി (മുൻശആത്ത്) ആണ്.
10 ഇനം ഫീസുകളാണ് തിരിച്ചു നൽകുക. വിദേശികളായ ജീവനാക്കാരുടെ ലെവിയുടെ 80 ശതമാനവും ഇതു പ്രകാരം ഇളവ് ചെയ്യും. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സിആർ), മുനിസിപ്പാലിറ്റി ലൈസന്‍സുകള്‍, കരാര്‍, സൗദി പോസ്റ്റ്-ചേംബര്‍ ഓഫ് കൊമേഴ്സ് സബ്സ്‌ക്രിപ്ഷനുകള്‍, ട്രേഡ്മാര്‍ക്ക്-പേറ്റന്റ് രജിസ്‌ട്രേഷന്‍, പ്രവര്‍ത്തന ലൈസന്‍സുകള്‍ എന്നിവയ്ക്കുള്ള ഫീസുകളാണ് റീഫണ്ട് ചെയ്യുക. തദ്ദേശീയ സ്റ്റാർട്ടപ്പുകൾക്കിടയിൽ നൂതനാശയങ്ങളുടെ പ്രയോഗം പ്രോത്സാഹിപ്പിക്കാനാണ് പേറ്റന്റ് രജിസ്‌ട്രേഷന്‍ ഫീസ് ഇളവ് നൽകിയിരിക്കുന്നത്. 2026 അവസാനം വരെ കമ്പനികൾക്ക് ഇതിനുള്ള രജിസ്ട്രേഷൻ നടത്താം. റീഫണ്ട് 2028 വരെ തുടരും.
പൂര്‍ണമായോ ഭൂരിഭാഗമായോ സൗദി ഉടമസ്ഥതയിൽ ഉള്ളതും, സൗദിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യുന്ന സംരംഭങ്ങൾക്കാണ് ഫീസ് റീഫണ്ടിനുള്ള യോഗ്യത. കുറഞ്ഞത് ഒരു രജിസ്റ്റര്‍ ചെയ്ത ജീവനക്കാരനെങ്കിലും ഉണ്ടായിരിക്കണം. 2024 ജനുവരി ഒന്നിനു മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാർട്ടപ്പുകൾക്ക് ഈ ഇളവ് ലഭിക്കില്ല. 2018ല്‍ ആരംഭിച്ച ഇസ്തിര്‍ദാദ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 27,000ലേറെ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചതായാണ് കണക്ക്.