ജിദ്ദ. സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ റെസ്ട്രന്റ്, ഫുഡ് ട്രക്ക് ബിസിനസ് മേഖല 11 ശതമാനം വളർച്ച രേഖപ്പെടുത്തി. 137,000ത്തിലധികം സ്ഥാപനങ്ങളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. കഫേകളുടെയും കോഫി ഷോപ്പുകളുടെയും രജിസ്ട്രേഷനിൽ 21.4 ശമതാനം വർധനവുണ്ടായി. ഈ ഗണത്തിൽ 64,000 സ്ഥാപനങ്ങളുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നതായി അൽ ഇഖ്തിസാദിയ റിപോർട്ട് ചെയ്യുന്നു.
വിപണി വിഹിതത്തിനായി കടുത്ത മത്സരം അരങ്ങേറുമ്പോഴും ഭക്ഷ്യമേഖലയുടെ വികസനത്തിന്റെ പ്രതിഫലനമാണ് ഈ വളർച്ചയെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. ഇപ്പോൾ നഗര മേഖലകളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഫൂഡ് ട്രക്ക് എന്ന കോൺസപ്റ്റ് ലഭിക്കുന്ന സ്വീകാര്യത അടക്കം പല ഘടകങ്ങളും ഭക്ഷ്യ, റസ്ട്രന്റ് മേഖലയിൽ നിക്ഷേപകർക്ക് താൽപര്യം വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഫൂഡ് ആന്റ് ഡ്രഗ് കമ്മിറ്റി ചെയർമാൻ ഫഹദ് അൽ ഗംദി പറയുന്നു.
ഈ രംഗത്തെ വാണിജ്യ രജിസ്ട്രേഷനുകളുടെ വർധന ഉപഭോഗ ശീലങ്ങളിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. സ്വദേശികൾക്കും സ്ഥിരതാമസക്കാരായ വിദേശികൾക്കും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10 ലക്ഷം പേർക്ക് ശരാശരി 2,059 റെസ്ട്രന്റുകളും 159 കഫേകളുമുണ്ടെന്നാണ് സുകുക് ഫിനാൻഷ്യൽ കമ്പനിയുടെ റിപോർട്ട്.
ഡെലിവറി സേവനങ്ങളുടെ വ്യാപനവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലഭ്യതയും പുതിയ പദ്ധതികൾ തുടങ്ങാൻ സംരംഭകർക്ക് പ്രേരണയായിട്ടുണ്ട്. പ്രത്യേകിച്ച് സ്പെഷ്യാലിറ്റി കോഫിക്കും പ്രാദേശിക ബ്രാൻഡുകൾക്കും സ്വീകാര്യത വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ. സംരംഭകർക്കുള്ള സർക്കാരിന്റെ പിന്തുണയും ലൈസൻസിങ് നടപടികൾ ലഘൂകരിച്ചതും നിക്ഷേപത്തിന് അനുകൂലമായി മികച്ച അന്തരീക്ഷവും ഈ മേഖലയുടെ വളർച്ചയ്ക്ക് വലിയ പ്രോത്സാഹനമാണ്.
അതേസമയം ഈ രംഗത്ത് സംരംഭകർ വെല്ലുവിളികളും നേരിടുന്നുണ്ട്. ഫൂഡ് ഡെലിവറി സേവനങ്ങളുടെ ഡിമാൻഡ് പ്രതിവർഷം അഞ്ച് മുതൽ 25 ശതമാനം വരെ വർധിക്കുന്നത് പ്രാദേശിക റെസ്ട്രന്റുകൾക്ക് വെല്ലുവിളിയാണ്.