റിയാദ്. സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങലായ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശികള്‍ക്കും ഇനി നിക്ഷേപിക്കാന്‍ അനുമതി. ഈ രംഗത്തെ ലിസ്റ്റഡ് കമ്പനികളിലാണ് നിക്ഷേപിക്കാന്‍ സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് വിദേശികള്‍ക്ക് അനുമതി നല്‍കിയത്. സൗദികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങാന്‍ വിദേശികള്‍ക്ക് അനുമതിയുണ്ടെങ്കിലും മക്കയിലും മദീനയിലും ഇതുവരെ സൗദികള്‍ക്കു മാത്രമെ ഭൂമി സ്വന്തമാക്കാന്‍ കഴിയുമായിരുന്നുള്ളൂ. വിദേശികള്‍ക്ക് ഭൂമി പാട്ടത്തിനെടുക്കാന്‍ മാത്രമാണ് അനുമതിയുണ്ടായിരുന്നത്.
ക്യാപിറ്റല്‍ മാര്‍്കറ്റ് അതോറിറ്റിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായി. ഉടന്‍ നിലവില്‍ വരുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിദേശികളുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ലിസ്റ്റഡ് കമ്പനികളുടെ ഓഹരിയോ ഓഹരിയാക്കി മാറ്റാവുന്ന കടപ്പത്രങ്ങളോ ആയി വിദേശികള്‍ക്ക് നിക്ഷേപിക്കാം. ഇങ്ങനെ പരമാവധി ഒരു കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ വരെ സ്വന്തമാക്കാം. എന്നാല്‍ തന്ത്രപ്രധാന വിദേശ നിക്ഷേപകര്‍ക്ക് ഈ കമ്പനികളില്‍ ഓഹരി വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സൗദിയിലെ മൂലധന വിപണിയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ തീരുമാനം. പ്രാദേശിക വിപണിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മേഖലയിലും രാജ്യാന്തര തലത്തിലും സൗദിയുടെ മൂലധന വിപണിയെ കൂടുതല്‍ മത്സരക്ഷമമാക്കാനും ആകര്‍ഷകമാക്കാനും കാര്യക്ഷമമാക്കാനും ഇതു സഹായിക്കും.
മക്കയിലും മദീനയിലും പുരോഗമിക്കുന്നതും ഭാവിയില്‍ വരാനിരിക്കുന്നതുമായ പദ്ധതികള്‍ക്ക് ആവശ്യമായ പണലഭ്യത നല്‍കുന്നതിനും വിദേശ മൂലധനത്തെ ആകര്‍ഷിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തുക എന്നത് വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു കൂടിയാണ്. സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നേരത്തെ വിദേശികളായ പ്രവാസികള്‍ക്ക് സൗദി ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരുന്നു. യോഗ്യരായ വിദേശ മൂലധന സ്ഥാപനങ്ങള്‍ക്കും കടപ്പത്രങ്ങളില്‍ നേരിട്ട് നിക്ഷേപിക്കാം.