ജിദ്ദ – സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളില്‍ 38 ശതമാനവും ഇന്ത്യക്കാരും ചൈനക്കാരും റഷ്യക്കാരുമാണെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ കണക്കുകള്‍. സെന്റർ ഇപ്പോൾ പ്രസിദ്ധീകരിച്ച 2023 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 6.81 കോടി വിദേശ ടൂറിസ്റ്റുകളാണ് ഗള്‍ഫ് രാജ്യങ്ങളിലെത്തിയത്. കോവിഡ് മഹാമാരി വ്യാപനത്തിനു മുമ്പ് 2019നെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം 42.8 ശതമാനം വര്‍ധിച്ചു. 2023-2030 സംയുക്ത ടൂറിസം നയം വിഭാവനം ചെയ്ത ലക്ഷ്യങ്ങളിൽ 52.9 ശതമാനം കൈവരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിച്ചു.
2030ഓടെ പ്രതിവര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 12.87 കോടിയായി ഉയര്‍ത്തുകയാണ് ഈ നയത്തിന്റെ ലക്ഷ്യം. വിദേശ ടൂറിസ്റ്റുകളിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങൾക്ക് ലഭിച്ച വരുമാനം 2019നെ അപേക്ഷിച്ച് 28.2 ശതമാനം വർധിച്ച് 1,1040 കോടി ഡോളറായി. 2030 ഓടെ ഈ വരുമാനം 18800 കോടി ഡോളറായി ക്രമേണ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിൽ 58.7 ശതമാനം 2023ല്‍ കൈവരിക്കാന്‍ സാധിച്ചു. 2023ല്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിയ മൊത്തം വിദേശ ടൂറിസ്റ്റുകളില്‍ 26.9 ശതമാനവും ഇതര ഗള്‍ഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 44.2 ശതമാനമാണ് വർധന.
ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ നിന്നാണ് ജിസിസി രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്നത്. 2023ല്‍ ആകെ ടൂറിസ്റ്റുകളില്‍ 38 ശതമാനം ഈ മേഖലയില്‍ നിന്നുള്ളവരായിരുന്നു. രണ്ടാം സ്ഥാനത്ത് മധ്യപൗരസ്ത്യ രാജ്യങ്ങളാണ്. ആകെ സന്ദര്‍ശകരില്‍ 25.1 ശതമാനം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ളവരായിരുന്നു. മൂന്നാം സ്ഥാനത്ത് യൂറോപ്പും നാലാം സ്ഥാനത്ത് ആഫ്രിക്കയും അഞ്ചാം സ്ഥാനത്ത് ദക്ഷിണ, ഉത്തര അമേരിക്കകളുമാണ്. ഗള്‍ഫിലെത്തിയ ടൂറിസ്റ്റുകളില്‍ 22.9 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 8.8 ശതമാനം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും 4.3 ശതമാനം അമേരിക്കന്‍ വന്‍കരകളില്‍ നിന്നുമായിരുന്നു.
2023 അവസാനത്തെ കണക്കുകള്‍ പ്രകാരം ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ആകെ 10,893 ഹോട്ടലുകളുണ്ട്. ഇതിൽ അഞ്ചു രാജ്യങ്ങളും വ്യോമഗതാഗത പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തില്‍ മധ്യപൗരസ്ത്യ മേഖലയിലെ ശരാശരിയില്‍ കവിഞ്ഞ വളര്‍ച്ച കൈവരിച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ട്രാവർ ആന്റ് ടൂറിസം മേഖലയുടെ സംഭാവന 10.8 ശതമാനമായി ഉയര്‍ന്നു.
സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ടൂറിസം മേഖലയില്‍ ആകെ 15 ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്നു. ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരുടെ 2023ല്‍ 17 ശതമാനം വര്‍ധിച്ചതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു.