റിയാദ്. എണ്ണ ഉല്‍പാദനത്തിലും എണ്ണ ശേഖരത്തിലും ക്രൂഡ് ഓയില്‍ കയറ്റുമതിയിലും പ്രകൃതി വാതക ശേഖരത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങള്‍ തന്നെയാണെന്ന് ഏറ്റവും പുതിയ ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ആഗോള ഊര്‍ജ സൂചകങ്ങളില്‍ ജിസിസി രാജ്യങ്ങളാണ് മുന്നിലുള്ളത്. പ്രകൃതിവാതക കയറ്റുമതിയിൽ ജിസിസി രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്തും വിപണനം ചെയ്യപ്പെടുന്ന പ്രകൃതിവാതകത്തിന്റെ ഉല്‍പാദനത്തില്‍ മൂന്നാം സ്ഥാനത്തുമാണ്.
പ്രതിദിനം 1.7 കോടി ബാരല്‍ അസംസ്‌കൃത എണ്ണയാണ് 2023ല്‍ ജിസിസി രാജ്യങ്ങള്‍ ഉൽപ്പാദിപ്പിച്ചത്. ഇത് മൊത്തം ആഗോള ഉല്‍പാദനത്തിന്റെ 23.2 ശതമാനമാണ്. 2023ലെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ 511.9 ബില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണ ശേഖരമുണ്ട്. ആഗോള അസംസ്‌കൃത എണ്ണ ശേഖരത്തിന്റെ 32.6 ശതമാനം വരുമിത്. ഇതേ വർഷം ഗള്‍ഫ് രാജ്യങ്ങളുടെ അസംസ്‌കൃത എണ്ണ കയറ്റുമതി പ്രതിദിനം 1.24 കോടി ബാരലായിരുന്നു. ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 28.2 ശതമാനവും ഗള്‍ഫ് രാജ്യങ്ങളുടെ വിഹിതമായിരുന്നു. ജി.സി.സി രാജ്യങ്ങള്‍ 151.86 കോടി ബാരല്‍ വ്യത്യസ്ത ഇനം ഇന്ധനങ്ങളും ആ വർഷം കയറ്റി അയച്ചു. ഇത് ആഗോള ഇന്ധന കയറ്റുമതിയുടെ 13.4 ശതമാനമാണ്. 2022നെ അപേക്ഷിച്ച് 2023 ല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഇന്ധന കയറ്റുമതിയില്‍ 7.1 വര്‍ധന രേഖപ്പെടുത്തി.
2023ല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പെട്രോള്‍ ഉപഭോഗം 33.66 കോടി ബാരലായിരുന്നു. 29.97 കോടി ബാരല്‍ ഗ്യാസും ഡീസലും. ഇതെ വർഷം ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു ഇന്ധനങ്ങളുടെ ഉപഭോഗം 3.48 കോടി ബാരലിനും 26.83 കോടി ബാരലിനും ഇടയില്‍ വ്യത്യസ്ത അളവുകളിലായിരുന്നു.
2023ലെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിൽ 44.195 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതക കരുതല്‍ ശേഖരമുണ്ട്. ഇത് ലോകത്തെ ആകെ പ്രകൃതി വാതക കരുതല്‍ ശേഖരത്തിന്റെ 21.4 ശതമാനമാണ്. ആ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ 180.9 ബില്യണ്‍ ഘനയടി ഗ്യാസ് കയറ്റി അയച്ചു.
2023ല്‍ ജിസിസി രാജ്യങ്ങളിലെ പുനരുപയോഗ ഊര്‍ജ നിലയങ്ങളുടെ ശേഷി 10,742 മെഗാവാട്ടിലെത്തി. 2022 നെ അപേക്ഷിച്ച് 2023 ല്‍ പുനരുപയോഗ ഊര്‍ജ നിലയങ്ങളുടെ ശേഷിയില്‍ 74.7 വര്‍ധനവ് രേഖപ്പെടുത്തിയതായും ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.