റിയാദ്. യുഎസ് ടെക്ക് ഭീമൻ ഗൂഗിളിന്റെ ജനകീയ ഡിജിറ്റല്‍ പേയ്‌മെന്റ് അപ്ലിക്കേഷനായ ഗൂഗിള്‍ പേ സൗദി അറേബ്യയിലും വൈകാതെ ലഭ്യമായി തുടങ്ങും. ഇതു സംബന്ധിച്ച കരാറില്‍ സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിളും ഒപ്പുവച്ചു. ദേശീയ പേയ്മെന്റ് സംവിധാനമായ മദാ വഴിയാണ് രാജ്യത്ത് ഗൂഗിള്‍ പേ പ്രവർത്തിക്കുക. ഈ വര്‍ഷം തന്നെ സൗദിയില്‍ ഉപഭോക്താക്കൾക്കായി ലഭിച്ചു തുടങ്ങും.
ഡിജിറ്റൽ പണമിടപാടുകളേയും പേമെന്റ് പ്ലാറ്റ്ഫോമുകളേയും കൂടുതൽ ജനകീയമാക്കുന്നതിനുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് ലഭ്യമാക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങൾ വിപുലീകരിച്ച് കരുത്തുറ്റ ഡിജിറ്റല്‍ പേയ്മെന്റ് പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കേന്ദ്ര ബാങ്കിന്റെ പ്രതിബദ്ധതയാണ് ഗൂഗ്ളുമായുള്ള കരാർ പ്രതിഫലിപ്പിക്കുന്നത്.
ഗൂഗിള്‍ പേ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സ്റ്റോറുകളിലും മറ്റും ഓൺലൈൻ, ഓഫ് ലൈൻ വാങ്ങലുകളും പേമെന്റുകളും ലളിതമായി നടത്താൻ കഴിയും. ഗൂഗിള്‍ വാലറ്റ് ആപ്പിൽ മദാ കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും എളുപ്പത്തിലും സുരക്ഷിതമായും ചേര്‍ക്കാനും കൈകാര്യം ചെയ്യാനും കഴിയും.