റിയാദ്. ഹജ് കാലത്ത് ബലി മാംസം കൈകാര്യം ചെയ്യുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിയായ അദാഹി സേവനം 125 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. മക്ക റോയല്‍ കമ്മീഷനു കീഴിൽ പ്രവർത്തിക്കുന്ന അദാഹി (أضاحي) ഇതുമായി ബന്ധപ്പെട്ട് മൂന്നു പങ്കാളിത്ത കരാറുകളാണ് ഒപ്പുവെച്ചത്. ബലി കൂപ്പണുകള്‍ വിപണനം ചെയ്യുന്നതിന് നുസുക് പ്ലാറ്റ്‌ഫോമുമായി ധാരണയിലെത്തി. അദാഹി സേവനം സൗദി അറേബ്യയിൽ എല്ലായിടത്തും എത്തിക്കുന്നതിന് ഗൈസ് ചാരിറ്റബിള്‍ സൊസൈറ്റിയുമായും ആഭ്യന്തര ഹജ് തീര്‍ഥാടകർക്ക് കാര്യക്ഷമമായി അദാഹി സേവനം ലഭ്യമാക്കുന്നതിന് കോർഡിനേഷൻ കൗണ്‍സില്‍ ഫോർ ഇൻസ്റ്റിറ്റ്യൂഷൻസ് ആന്റ് കമ്പനീസ് സെർവിങ് ഡൊമസ്റ്റിക് പിൽഗ്രിംസുമായുമാണ് ധാരണാപത്രം ഒപ്പുവച്ചത്. ലോകത്തെ 125 രാജ്യങ്ങളിലേക്ക് അദാഹി സേവനം വ്യാപിപ്പിക്കാനും ഇതു വിദേശ രാജ്യങ്ങളിലുള്ളവർക്ക് പ്രയോജനകരമാക്കാനും ബലി കൂപ്പണ്‍ വിപണനം കാര്യക്ഷമമാക്കാനും സൗദിയിലെ എല്ലാ പ്രവിശ്യകളിലും സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് അദാഹി. തീര്‍ഥാടകര്‍ ബലിയറുക്കുന്ന ആടുമാടുകളുടെ മാംസം സംസ്‌കരിച്ച് സൗദിയിലും ലോക രാജ്യങ്ങളിലും നിര്‍ധനര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന പദ്ധതിയായ അദാഹി 1983ലാണ് സൗദി അറേബ്യ ആരംഭിച്ചത്. മതപരവും ആരോഗ്യപരവുമായ വ്യവസ്ഥകള്‍ പാലിച്ച് ബലി കര്‍മം നിര്‍വഹിക്കാൻ അദാഹി സംവിധാനങ്ങളൊരുക്കുന്നു. പദ്ധതി നടത്തിപ്പ് ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനാണ്. ലക്ഷക്കണക്കിന് കന്നുകാലികളുടെ ബലിമാംസം പുണ്യസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുകയും പാഴാക്കപ്പെടുകയും ചെയ്യുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നോണമാണ് അദാഹി പദ്ധതി ആരംഭിച്ചത്.
ബലിയറുക്കാൻ ആവശ്യമായ ആരോഗ്യസ്ഥിതിയുള്ളതും ശരീഅത്ത് വ്യവസ്ഥകള്‍ യോജിക്കുന്നതുമായ ആടുമാടുകളെ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യും. വെറ്റിറനറി ഡോകടര്‍മാരുടെയും ശരീഅത്ത് വിദഗ്ധരുടെയും മേല്‍നോട്ടത്തിലാണ് ബലിയറുക്കുന്നത്. സംസ്‌കരിച്ച് ശീതീകരിച്ച് സൂക്ഷിക്കുന്ന ഈ ബലി മാംസം പിന്നീട് വിവിധ രാജ്യങ്ങളിൽ സൗജന്യമായി വിതരണം ചെയ്യും. പദ്ധതിക്കു കീഴില്‍ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച എട്ടു കശാപ്പുശാലകളുണ്ട്. ഓരോ ഹജ് കാലത്തും 10 ലക്ഷത്തിലേറെ ആടുമാടുകളെയാണ് ബലിയറുക്കാറുള്ളത്. വെറ്റിറനറി ഡോക്ടര്‍മാരും ശരീഅത്ത് വിദഗ്ധരും മറ്റു ജീവനക്കാരുമടക്കം ഹജ് കാലത്ത് അദാഹിക്കു കീഴില്‍ 40,000ലേറെ പേര്‍ സേവനമനുഷ്ഠിക്കുന്നു.