റിയാദ്. സൗദി അറേബ്യയിലുടനീളം ഭക്ഷ്യ, ഭക്ഷ്യേതര ഡെലിവറി സ്ഥാപനങ്ങൾക്ക് ഹോം ഡെലിവറി പെർമിറ്റ് നിർബന്ധമാക്കി. മുനിസിപ്പാലിറ്റി-പാർപ്പിടകാര്യ മന്ത്രാലയം ബലദി (Balady) പ്ലാറ്റ്‌ഫോം വഴിയാണ് പെർമിറ്റ് അനുവദിക്കുക. ഹോം ഡെലിവറി സേവന രംഗത്ത് സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഹോം ഡെലിവറി പെർമിറ്റ് ഏർപ്പെടുത്തുന്നത്. സ്ഥാപന ഉടമകൾക്ക് ബലദി പ്ലാറ്റ്‌ഫോം വഴി പെർമിറ്റ് എളുപ്പത്തിൽ നേടാം.
ഡെലിവറി പ്രവര്‍ത്തനങ്ങള്‍ നഗരങ്ങള്‍ക്കുള്ളില്‍ നിയന്ത്രിക്കുന്നതിനും സ്ഥാപനങ്ങള്‍ ആരോഗ്യ, സാങ്കേതിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നത്. ജൂലൈ ഒന്നു മുതൽ ഈ പെർമിറ്റ് നിർബന്ധന നിലവിൽ വരും.
പുതിയ ചട്ടം അനുസരിച്ച് ഹോം ഡെലിവറി പെർമിറ്റ് ലഭിക്കണമെങ്കിൽ ഏതാനും വ്യവസ്ഥകളും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഹോം ഡെലിവറി സേവനത്തിന് നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഡെലിവറി സ്ഥാപനങ്ങളുടെ പേര്, അല്ലെങ്കില്‍ ട്രേഡ്മാര്‍ക്ക് വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഈ വാഹനങ്ങളിൽ ഉണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. പെര്‍മിറ്റ് ഇല്ലാതെ ഡെലിവറി സേവനങ്ങള്‍ നല്‍കുന്നവരെ പിടികൂടാന്‍ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകൾ നടത്തും. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും.
ജീവിതനിലവാരം ഉയർത്താനും നഗരങ്ങളിലെ ഹോം ഡെലിവറി പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും, സ്ഥാപനങ്ങൾ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുന്നതിലൂടെ സുരക്ഷിത സേവനാന്തരീക്ഷം സൃഷ്ടിക്കാനും ഈ പെർമിറ്റ് ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നു.