ജിദ്ദ. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൗദിയിലെ കമ്മ്യൂണിക്കേഷന്‍സ്, സ്‌പേസ് ആന്റ് ടെക്‌നോളജി കമ്മീഷനും ഇന്ത്യയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയും പരസ്പര സഹകരണത്തിന് ഒപ്പുവെച്ച ധാരണാപത്രം സൗദി മന്ത്രിസഭ അംഗീകരിച്ചു. സാമ്പത്തിക ഗവേഷണ പഠന മേഖലയില്‍ പരസ്പര സഹകരണത്തിന് സൗദി സാമ്പത്തിക, ആസൂത്രണ മന്ത്രാലയവും ഇന്ത്യയിലെ ഒബ്‌സര്‍വര്‍ റിസേര്‍ച്ച് ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി സാമ്പത്തിക, ആസൂത്രണ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ജിദ്ദയില്‍ ചേര്‍ന്ന സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാം യോഗത്തിന്റെ ഫലങ്ങള്‍, സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക- വ്യാപാര- നിക്ഷേപ ബന്ധങ്ങള്‍, മറ്റു മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയെ മന്ത്രിസഭാ യോഗം പ്രശംസിച്ചു.
2026 ല്‍ ആരംഭിക്കുന്ന വിഷന്‍ 2030 മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ മന്ത്രിസഭ വിശകലനം ചെയ്തു. മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക മേഖലകള്‍ക്കായി സൗദിയില്‍ ഇന്റര്‍പോള്‍ റീജിയണല്‍ ഓഫീസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി സർക്കാരും ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) തമ്മില്‍ ഒപ്പുവെച്ച കരാറിനും മന്ത്രിസഭ അംഗീകാരം നല്‍കി.
പ്രയോജനപ്പെടുത്താതെ വെറുതെയിട്ടിരിക്കുന്ന ഭൂമിക്ക് 10 ശതമാനം വരെ ഫീസ് ഈടാക്കുന്നത് ഉൾപ്പെടെയുള്ള നിയമ ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു. നിയമത്തിന്റെ ഫലപ്രാപ്തിയും റിയല്‍ എസ്റ്റേറ്റ് ലഭ്യതയും വര്‍ധിപ്പിക്കാന്‍ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നു. ന്യായീകരണമില്ലാതെ ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്നതും ഒഴിഞ്ഞുകിടക്കുന്നതുമായ പ്രോപ്പര്‍ട്ടികള്‍ക്കും വാര്‍ഷിക ഫീസ് ബാധകമാണ്.
പാര്‍പ്പിട, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ക്കു മാത്രമാണ് പഴയ നിയമത്തില്‍ ഫീസ് ബാധകമായിരുന്നത്. ഭേദഗതികള്‍ പ്രകാരം ജനവാസ കേന്ദ്രത്തിന്റെ പരിധിയില്‍ വികസിപ്പിക്കാന്‍ കഴിയുന്ന മുഴുവന്‍ കാലിസ്ഥലങ്ങള്‍ക്കും ഫീസ് ബാധകമാണ്.
പാർപ്പിടങ്ങളുടേയും പാർപ്പിടം നിർമിക്കാവുന്ന സ്ഥലങ്ങളുടേയും ദൗര്‍ലഭ്യത പരിഹരിക്കുക, ഉയർന്ന വിലയ്ക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെ കാലി ഭൂമി വാങ്ങിക്കൂട്ടി കൈവശം വെക്കുന്ന പ്രവണതയ്ക്ക് തടയിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഏതാനും വർഷം മുമ്പ് സൗദി അറേബ്യ വെറുതെ ഇടുന്ന ഭൂമിക്ക് വാർഷിക ഫീസ് ഈടാക്കുന്ന നിയമം നടപ്പിലാക്കിയത്.