ജിദ്ദ. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ തന്ത്രപരമാണ്. സമീപ വര്‍ഷങ്ങളില്‍ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളില്‍ ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. നിക്ഷേപ, വ്യാപാര മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നു. എണ്ണയില്‍ നിന്ന് അകന്ന് ദേശീയ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനും വിഭവങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും ശ്രമിക്കുന്ന സൗദി വിഷന്‍ 2030 ന്റെ ഭാഗമായി ഇന്ത്യ സൗദി അറേബ്യയുടെ പ്രധാന പങ്കാളികളില്‍ ഒന്നായി മാറിയിരിക്കുന്നു. സൗദി അറാംകോ, സാബിക്, സാമില്‍, ഇ-ഹോളിഡേയ്സ്, ബാറ്റര്‍ജി ഗ്രൂപ്പ് എന്നിവ അടക്കം നിരവധി പ്രമുഖ സൗദി കമ്പനികള്‍ സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രധാന നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
ഈ നിക്ഷേപങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിച്ചു. ഇന്ത്യയിലെ സൗദിയുടെ മൊത്തം നിക്ഷേപം 1,000 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കാനും ഏഷ്യന്‍ ഭൂഖണ്ഡം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കൂടുതല്‍ സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയെ ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു.
സമീപ വര്‍ഷങ്ങളില്‍ സൗദിയിലെ ഇന്ത്യന്‍ നിക്ഷേപങ്ങളിലും ഗണ്യമായ വര്‍ധനയുണ്ടായി. സൗദി നിക്ഷേപ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ സൗദിയില്‍ ഇന്ത്യൻ നിക്ഷേപകരുടെ നേരിട്ടുള്ള നിക്ഷേപം 400 കോടി ഡോളറിലെത്തി. 2022ല്‍ ഇത് 239 കോടി ഡോളറായിരുന്നു. സൗദിയിലെ നേരിട്ടള്ള ഇന്ത്യന്‍ നിക്ഷേപങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 39 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ലാര്‍സന്‍ ആന്റ് ട്യൂബ്രോ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ് തുടങ്ങിയ നിരവധി മുൻനിര ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യം, സാങ്കേതികവിദ്യ, ഊര്‍ജം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വൻകിട പദ്ധതികളിലാണ് ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എണ്ണ ഇതര മേഖലകള്‍ വികസിപ്പിച്ച് സാമ്പത്തിക വൈവിധ്യവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അവതരിപ്പിച്ച ഇളവുകളും പ്രോത്സാഹനങ്ങളും രാജ്യത്തെ നിക്ഷേപ അന്തരീക്ഷം ആകർഷകമാക്കിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.
പുനരുപയോഗ ഊര്‍ജം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ മികച്ച അവസരങ്ങള്‍ നല്‍കുന്ന ശക്തമായ സാമ്പത്തിക അന്തരീക്ഷം ഇന്ത്യയിലുണ്ട്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം സാമ്പത്തിക നിക്ഷേപങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച്, നിരവധി സുപ്രധാന മേഖലകളില്‍ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ അടുപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ തലങ്ങളിലെ സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ഈ ബന്ധങ്ങള്‍ ശക്തി പ്രാപിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളിലും സുസ്ഥിര വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്ന കൂടുതല്‍ തന്ത്രപരമായ പങ്കാളിത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈവിധ്യമാര്‍ന്ന സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ വിജയകരമായ മാതൃകയായി സൗദി-ഇന്ത്യ പങ്കാളിത്തം തുടരുന്നു.