റിയാദ്. സൗദി അറേബ്യയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് നവംബറിലെ രണ്ട് ശതമാനത്തിൽ നിന്ന് ഡിസംബറിൽ 1.9 ശതമാനമായി നേരിയ തോതിൽ കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) റിപോർട്ട്. കഴിഞ്ഞ വർഷത്തിൽ ഏറിയ പങ്കും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലായിരുന്നു. ആഗോള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ സൗദിയിലെ പണപ്പെരുപ്പം താരതമ്യേന കുറവാണ്. ജി20 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിത്. ഇടക്കാലത്തേക്ക് ഇത് രണ്ടു ശതമാനത്തിനുള്ളിൽ സ്ഥിരമായി തുടരുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) പ്രവചനം.
വീട്ടു വാടക വർധനയാണ് രാജ്യത്ത് വിലക്കയറ്റത്തിന് പ്രധാന കാരണം. ഡിസംബറിൽ വീട്ടു വാടക 10.6 ശതമാനവും വില്ല വാടക വില 9.9 ശതമാനവും വർദ്ധിച്ചു. ഇത് വീട്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉപഭോക്തൃ വിഭാഗത്തിൽ 8.9 ശതമാനം വില വർധനയ്ക്ക് കാരണമായെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപോർട്ട് പറയുന്നു. തുടര്‍ച്ചയായി 34ാം മാസമാണ് സൗദിയില്‍ പാര്‍പ്പിട വാടക ഉയരുന്നത്. ഈ വര്‍ധന മന്ദഗതിയിലായതാണ് ഡിസംബറില്‍ പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയത്.
ഡിസംബറില്‍ വീട്ടു വാടക ഏറ്റവും അധികം ഉയര്‍ന്നത് മക്കയിലാണ്. 25.1 ശതമാനം. തുടര്‍ച്ചയായി രണ്ടാം മാസമാണ് മക്കയിൽ പാര്‍പ്പിട വാടകയില്‍ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 23.2 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ജിസാനില്‍ 16 ശതമാനവും പാര്‍പ്പിട വാടക ഉയര്‍ന്നു. അതേസമയം, മൂന്നു നഗരങ്ങളില്‍ ഈ വാടക കുറയുകയും ചെയ്തു. സകാക്കയില്‍ 10 ശതമാനവും ഹുഫൂഫില്‍ 1.7 ശതമാനവും അബഹയില്‍ 0.3 ശതമാനവുമാണ് വീട്ടു വാടക കുറഞ്ഞത്. സൗദിയില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ബുറൈദയിലാണ്. ഇവിടെ 5.7 ശതമാനമാണ് പണപ്പെരുപ്പം. രണ്ടാം സ്ഥാനത്തുള്ള റിയാദില്‍ 3.7 ശതമാനവും ജിസാനില്‍ 3.4 ശതമാനവുമാണ് പണപ്പെരുപ്പം.
നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള വില നിലവാരത്തിൽ കാലക്രമേണ ഉണ്ടാകുന്ന വർധനയാണ് പണപ്പെരുപ്പം. വിപണിയിലുള്ള ഒരു കൂട്ടം നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിലവാരത്തെ മുൻകാല വിലകളുമായി താരതമ്യം ചെയ്യുന്ന ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) അടിസ്ഥാനത്തിലാണ് പണപ്പെരുപ്പം കണക്കാക്കുന്നത്.
സൗദിയിൽ 490 ഇനം നിത്യോപയോഗ ഉൽപ്പന്നങ്ങളുൾക്കും സേവനങ്ങൾക്കും ഉപഭോക്താക്കൾ നൽകുന്ന വിലയിലെ മാറ്റങ്ങളാണ് ഉപഭോക്തൃ വില സൂചിക കാണിക്കുന്നത്. 2018ൽ നടത്തിയ ഗാർഹിക ചെലവ്-വരുമാന സർവേ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഉൽപ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ വിലകളെ ഏറ്റവും പുതിയ വിലകളുമായി താരതമ്യം ചെയ്താണ് സിപിഐ കണക്കാക്കുന്നത്. ഇത് പ്രതിമാസം പ്രസിദ്ധീകരിച്ചു വരുന്നു.