ജിസാന്‍. ജിസാനിൽ പ്രാദേശികമായി കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച സൗദി കോഫി ജിസാനില്‍ നിന്ന് ആദ്യമായി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. അല്‍ ദായര്‍ ഗവര്‍ണറേറ്റില്‍ നിന്ന് ബെല്‍ജിയത്തിലേക്കും കിഴക്കന്‍ യുറോപ്പിലേക്കും ആദ്യ കോഫി ഷിപ്‌മെന്റ് പോയത്. ജിസാനിലെ കോഫി കോഓപറേറ്റീവിന്റെ നേതൃത്വത്തിലാണ് കയറ്റുമതി. സൗദി കോഫിക്ക് ആഗോള വിപണിയില്‍ കൂടുതല്‍ പ്രചാരണം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള സൗദി ഇന്റര്‍നാഷനല്‍ കോഫി എക്‌സിബിഷന്‍ നടന്നു വരുന്നതിനിടെയാണ് ഈ കയറ്റുമതി.
കാപ്പി കൃഷിയെ പിന്തുണയ്ക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയുടെ ഗുണമേന്മ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനും സര്‍ക്കാര്‍ നടത്തി വരുന്ന പരിശ്രമങ്ങളുടെ ഫലമാണ് കയറ്റുമതി ആരംഭിക്കാന്‍ കഴിഞ്ഞതെന്ന് ജിസാനിലെ കോഫി കോഓപറേറ്റീവ് ചെയര്‍മാന്‍ സല്‍മാന്‍ ബിന്‍ അഹ്‌മദ് അല്‍ മല്‍കി പറഞ്ഞു. ജിസാനിലെ കാപ്പി കര്‍ഷകരേയും അദ്ദേഹം അഭിനന്ദിച്ചു. സൗദി കോഫി ആഗോള തലത്തില്‍ വിപണനം ചെയ്യുന്നതിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിതെന്നും ഭാവിയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിപണികളിലേക്ക് സൗദി കോഫി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.