റിയാദ്. ചൈനീസ് കംപ്യൂട്ടർ നിർമ്മാണ കമ്പനിയായ ലെനോവോ 2026 സൗദിയിൽ പൂർണമായും ഉൽപ്പാദനം ആരംഭിക്കും. സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള അൽ അലാത് എന്ന സൗദി കമ്പനി ഇതിനായി 200 കോടി ഡോളറാണ് ലെനോവോയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ലെനോവോയിൽ അൽ-അലാതിന് 11 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും.
ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് കമ്പനി നടത്തി വരുന്ന ശ്രമങ്ങളെ ത്വരിതപ്പെടുത്താനും, ആഗോള വിതരണ ശൃംഖല ശേഷിയും സാങ്കേതികവിദ്യയും ഉൽപ്പാദനവും സൗദി അറേബ്യയിലെത്തിക്കുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ നിക്ഷേപം കമ്പനിയെ സഹായിക്കുമെന്ന് ലെനോവോ അറിയിച്ചു.
സൗദി അറേബ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ മികച്ച വളർച്ച മുതലെടുക്കാനും കമ്പനിയുടെ പുതിയ പരിവർത്തന പദ്ധതികളെ ത്വരിതപ്പെടുത്താനും കൂടുതൽ വിഭവങ്ങളും സാമ്പത്തിക പിന്തുണയും ഈ പങ്കാളിത്തത്തിലൂടെ സാധ്യമാകുമെന്ന് ലെനോവോ സിഇഒ യുവാൻജിങ് യാങ് പറഞ്ഞു.
ഒരു ലോകോത്തര ഉൽപ്പാദന കേന്ദ്രത്തിനു പുറമെ ഈ നിക്ഷേപത്തിലൂടെ ലെനോവോയുടെ മിഡിൽ ഈസ്റ്റ് ആസ്ഥാനവും റിയാദിൽ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതുവഴി സൗദിയിൽ നേരിട്ടുള്ള 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2030ഓടെ ജിഡിപിയിലേക്ക് ഇത് 1000 കോടി എത്തിക്കുമെന്നും കണക്കാക്കപ്പെടുന്നു. സൗദിയിൽ സ്ഥാപിക്കുന്ന ഗവേഷണ വികസന കേന്ദ്രം രൂപകൽപ്പന ചെയ്യുന്ന പിസികളും സെർവറുകളുമായിരിക്കും പൂർണമായും സൗദിയിൽ തന്നെ നിർമ്മിക്കുക. ബീജിങ് ആസ്ഥാനമായ ലെനോവോയ്ക്ക് നിലവിൽ ചൈനയ്ക്കു പുറമെ ഇന്ത്യ, യു.എസ്, ജപ്പാൻ, മെക്സിക്കോ, അർജന്റീന, ജർമനി, ഹംഗറി എന്നീ രാജ്യങ്ങളിലും ഉൽപ്പാദനമുണ്ട്.