മദീന. മദീനയില്‍ ഹോട്ടലുകളും ഭക്ഷണശാലകളും ഉള്‍പ്പെടെ ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ ഇരട്ടിയോളം വര്‍ധന. 2024ല്‍ 93 ശതമാനമാണ് വര്‍ധന ഉണ്ടായത്. ഹോട്ടലുകളുടേയും റസ്ട്രന്റുകളുടേയും എണ്ണം 450 കവിഞ്ഞതായി ടൂറിസം മ്ന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈസന്‍സുള്ള മുറികളുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധന ഉണ്ട്. നിലവില്‍ 62,000ഓളം മുറികള്‍ മദീനയില്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ വര്‍ധനയില്‍ സൗദിയില്‍ മൂന്നാം സ്ഥാനത്താണ് മദീന. മക്കയും റിയാദുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
സേവന ഗുണനിലവാരം മെച്ചപ്പെടുത്തുക, 3.7 കോടി ഹജ്, ഉംറ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള ദേശീയ ടൂറിസം പദ്ധതി ലക്ഷ്യം കൈവരിക്കുക എന്നിവ മുന്‍നിര്‍ത്തിയാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍. മക്കയ്ക്ക് പുറത്തേക്കു കൂടിയുള്ള ഹോസ്പിറ്റാലിറ്റി വികസനവും ഈ പദ്ധതിയുടെ ലക്ഷ്യത്തിലുള്‍പ്പെടും.
സൗദി അറേബ്യയില്‍ ലൈസന്‍സുള്ള ഹോസ്പിറ്റാലിറ്റി സംവിധാനങ്ങളുടെ എണ്ണം 2024 മൂന്നാം പാദത്തോടെ 3,950 കവിഞ്ഞിട്ടുണ്ട്. 2023ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 99 ശതമാനം വര്‍ധനയുണ്ട്. ലൈസന്‍സുള്ള മുറികളുടെ എണ്ണം 4.43 ലക്ഷമായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 107 ശമാനമാണ് വര്‍ധന.
മക്കയിലും ഹോസ്പിറ്റാലിറ്റി രംഗത്ത് കാര്യമായ വളര്‍ച്ചയുണ്ടായി. 2024 അവസാനത്തോടെ മക്കയിലെ ലൈസന്‍സുള്ള ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ എണ്ണം 1,030 ആയി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശമതാനമാണ് വര്‍ധന. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുള്ള നഗരം മക്കയാണ്. 2025ഓടെ മക്കയിലും മദീനയിലും സൗകര്യങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മക്കയില്‍ 17,646 മുറികളും, മദീനയില്‍ 20,079 മുറികളുമാണ് 2025ല്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് ഡേറ്റ ഏജന്‍സിയായ കോസ്റ്റാറിന്റെ കണക്കുകള്‍ പറയുന്നു.