ജിദ്ദ. യുഎഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് മലേഷ്യയിലെ ആറ് ഹൈപ്പര്‍മാര്‍ക്കറ്റുകളും അടച്ചുപൂട്ടി. ലുലുവിന്റെ പ്രധാന ഔട്ട്‌ലെറ്റായിരുന്ന ക്വലലംപുരിലെ കാപ്‌സ്‌ക്വയര്‍ സ്റ്റോറും ഈ മാസം 9 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ദ എഡ്ജ് റിപോര്‍ട്ട് ചെയ്തു. മോശം പ്രകടനവും വേണ്ടത്ര ഉപഭോക്താക്കളില്ലാത്തതും കാരണം കമ്പനി തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി വിവിധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം മലേഷ്യയിലെ കമ്പനിയുടെ ഹോള്‍സെയില്‍ ബിസിനസ് തുടരും. ഇന്തൊനേഷ്യയില്‍ ഏപ്രിലോടെ ലുലുവിന്റെ പ്രധാന ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയതായി ദ ലീപ് ഇന്തൊനേഷ്യ റിപോര്‍ട്ട് ചെയ്യുന്നു. 2016ലാണ് ലുലു ഗ്രൂപ്പ് ഇന്തൊനേഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റു സ്റ്റോറുകളും അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റിപോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു.
ലുലു ഗ്രൂപ്പ് ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. റിട്ടെയില്‍ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന അതിവേഗ മാറ്റങ്ങളും ഉപഭോക്താക്കളുടെ രീതികളും ലുലു അടക്കമുള്ള റിട്ടെയില്‍ ഭീമന്‍മാരുടെ ബിസിനസ് മോഡലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് ബിസിനസുകളുടെ മുന്നേറ്റമാണ് ഏറ്റവും വലിയ തിരിച്ചടി. യുഎഇയിലേയും ഇന്ത്യയിലേയും ലാഭം സമ്മര്‍ദ്ദത്തിലായതോടെ ലുലു പുതിയ ബിസിനസ് തന്ത്രങ്ങള്‍ മെനയുന്നതായി മുതിര്‍ന്ന ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് ബെഞ്ച്മാര്‍ക്ക് റിപോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗത ഷോപ്പിങ് മാള്‍ വികസന തന്ത്രം മാറ്റി കുറഞ്ഞ ആസ്തികളുള്ള ബിസിനസ് മോഡലിലേക്കാണ് മാറുന്നത്. മൂലധന ബാധ്യതകള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. അതേസമയം അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ മാള്‍ ബിസിനസ് വിപുലീകരണം ലുലു തുടരും.
കമ്പനിയുടെ സാമ്പത്തിക പ്രകടനം വിപണി നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ലുലു റീട്ടെയിലിന്റെ മൊത്തം ആസ്തികളുടെ 85 ശതമാനവും യുഎഇയില്‍ ആയിരുന്നിട്ടും 2025 ആദ്യ പാദത്തില്‍ 35 ശതമാനം മാത്രമാണ് മേഖലയില്‍ നിന്നുള്ള ലാഭവിഹിതം. അതേസമയം, ആസ്തി കുറവുള്ള പുതിയ ജിസിസി വിപണികളില്‍ നിന്നായിരുന്നു ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം വരുമാനവും. മൂലധനകേന്ദ്രീകൃത വിപുലീകരണത്തില്‍ നിന്ന് ലുലു മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നതിനുള്ള കാരണം ഈ കണക്കുകളില്‍ നിന്ന് വ്യക്തമാണ്.