മക്ക. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സാന്നിദ്ധ്യം അറിയിച്ചതിന് പിന്നാലെ മക്കയിൽ റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി ലുലു ഗ്രൂപ്പ്. മക്ക അൽ റുസൈഫയിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നത് കൂടിയാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ മക്ക ചേംബർ സെക്രട്ടറി ജനറൽ അബ്ദുള്ള ഹനീഫ്, റുസൈഫ മേയർ ഫഹദ് അബ്ദുൾറഹ്മാൻ എന്നിവർ ചേർന്ന് അൽ റുസൈഫ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മക്കയിൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും സൗദി അറേബ്യയുടെ വിഷൻ 20230ന് കരുത്തേകുന്ന കൂടുതൽ പദ്ധതികളും കൂടുതൽ അവസരങ്ങളും യാഥാർത്ഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ പറഞ്ഞു. സൗദി അറേബ്യ ഉൾപ്പെടെ ജിസിസിയിലുടനീളം മൂന്ന് വർഷത്തിനകം പുതിയ 45ലേറെ സ്റ്റോറുകൾ കൂടി യാഥാർത്ഥ്യമാക്കുമെന്നും അദേഹം കൂട്ടിചേർത്തു.
രണ്ട് ലക്ഷത്തോളം ചതുരശ്ര അടി വിശാലമായ അൽ റുസൈഫ ലുലു, നവീനമായ ഷോപ്പിങ്ങ് അനുഭവമാണ് ഉപഭോക്താകൾക്ക് നൽകുക. ദൈനംദിന ഉൽപ്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ഗ്രോസറി ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റും, വിലപുലമായ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോർ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു കണക്ടും ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുക. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾക്ക് പുറമേ കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉറപ്പാക്കിയിരിക്കുന്ന ലോട്ട് സ്റ്റോറും ഉടൻ ഉപഭോക്താകൾക്കായി ഷോപ്പിങ് വാതിൽ തുറക്കും. 72 സ്ക്വയർ ഫീറ്റിലുള്ള ഡൈനിങ്ങ് ഏരിയയും, ആറ് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും അടക്കം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രാവിലെ 8 മുതൽ പുലർച്ചെ 1 മണി വരെയും വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ പുലർച്ചെ 2 വരെയും അൽ റുസൈഫ ലുലുവിൽ നിന്ന് ഷോപ്പ് ചെയ്യാം. ലുലു സൗദി ബിസിനസ് ഡവലപ്പ്മെന്റ് ഡയറക്ടർ റഫീക്ക് മുഹമ്മദ് അലി, ലുലു സൗദി വെസ്റ്റേൺ റീജിയൺ ഡയറക്ടർ നൗഷാദ് എം.എ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.