മസ്‌കത്. ദുബായ് ആസ്ഥാനമായ റീട്ടെയില്‍ ഭീമന്‍ മാജിദ് അല്‍ ഫുത്തൈം ഒമാനിലെ കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളെല്ലാം പ്രവര്‍ത്തനം നിര്‍ത്തി. പകരം ഹൈപ്പര്‍മാക്‌സ് എന്ന ബ്രാന്‍ഡില്‍ പുതിയ ഗ്രോസറി റീട്ടെയില്‍ സ്റ്റോറുകളാരംഭിച്ചു. ഫ്രഞ്ച് കമ്പനിയായ കാരിഫോറിന്റെ ഫ്രാഞ്ചൈസി നടത്തിപ്പ് മാജിദ് അല്‍ ഫുത്തൈമിന്റെ നേതൃത്വത്തിലായിരുന്നു. കാരിഫോറിന്റെ ഇസ്രായില്‍ ബിസിനസ് ബന്ധത്തെ തുടര്‍ന്ന് ഉപഭോക്താക്കള്‍ വ്യാപകമായി ബഹിഷ്‌ക്കരിച്ചത് ബിസിനസിനെ സാരമായി ബാധിച്ചിരുന്നു. ഒമാനിലുടനീളമുള്ള കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കു പകരം ഇനി 34 ഹൈപ്പര്‍മാക്‌സ് സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുക.
നവംബറില്‍ സമാന കാരണത്താല്‍ ജോര്‍ദാനിലും കാരിഫോര്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരുന്നു. ഇസ്രായിലി കമ്പനിയായ ഇലക്ട്ര കണ്‍സ്യൂമര്‍ പ്രൊഡക്‌സുമായി വ്യാപാര കരാറിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് 2022 മുതല്‍ കാരിഫോര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. തുടര്‍ന്ന് ഫലസ്തീന്‍ അനുകൂലികളുടെ ബഹിഷ്‌കരണം ആഹ്വാനം കനത്ത തിരിച്ചടിയായി. റീട്ടെയില്‍ ബിസിനസില്‍ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 11 ശതമാനം വരുമാന നഷ്ടവും രേഖപ്പെടുത്തിയിരുന്നു.
മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലുമായി 14 രാജ്യങ്ങളില്‍ 467 കാരിഫോര്‍ സ്റ്റോറുകളാണ് മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. ബഹിഷ്‌കരണം മൂലം മേഖലയിലെ മറ്റു പ്രാദേശിക കമ്പനികള്‍ക്കും തിരിച്ചടി നേരിട്ടിട്ടുണ്ട്. അമേരിക്കന്‍ കോഫീ ബ്രാന്‍ഡായ സ്റ്റാര്‍ബക്‌സിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്റ്റോറുകള്‍ നടത്തുന്ന കുവൈത്തി വ്യവസായ ഗ്രൂപ്പായ അല്‍ഷായ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ബിസിനസ് ഇടിഞ്ഞതിനെ തുടര്‍ന്ന് നിരവധി തൊഴിലുകള്‍ വെട്ടിക്കുറച്ചിരുന്നു. കെഎഫ്‌സി, പിസ ഹട്ട്, ഹര്‍ദീസ്, ടിജിഐ ഫ്രൈഡേസ്, ക്രിസ്പി ക്രീം തുടങ്ങിയ ബ്രാന്‍ഡുകളുടെ 2,435 ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന അമേരിക്കാനാ റെസ്ട്രന്റ്‌സ് ഇന്റര്‍നാഷനലിനും കനത്ത തിരിച്ചടിയാണ് ബിസിനസില്‍ നേരിടേണ്ടി വന്നത്.