മദീന. അല്‍ഉലയിലെ ശറആന്‍ നാച്വറല്‍ റിസര്‍വിന്റെ ഹൃദയഭാഗത്ത് വിനോദസഞ്ചാരികൾക്കായി ഒരുക്കുന്ന ശറആന്‍ റിസോര്‍ട്ടിന്റെ നിര്‍മാണ ജോലികളുടെ പുരോഗതി നേരിട്ട് വിലയിരുത്താൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെത്തി. ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹം സമയം ചെലവിടുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തത് വേറിട്ട കാഴ്ചയായി. അൽഉലയിലെ ശൈത്യകാല ക്യാമ്പിൽ തങ്ങിയ മുഹമ്മദ് ബിൻ സൽമാൻ യു.എ.ഇ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാനുമായി കൂടിക്കാഴ്ചയും നടത്തി.
സൗദി അറേബ്യയുടെ ബൃഹത് വികസന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായ സുസ്ഥിര ടൂറിസം പദ്ധതികളിലൊന്നാണ് ശറആന്‍ റിസോര്‍ട്ട്. പീഠഭൂമിയും പാറക്കെട്ടുകളും മുനമ്പുകളും മണല്‍ക്കൂനകളും ചേർന്ന അതിശയകരമായ ഭൗമശാസ്ത്ര പശ്ചാത്തലത്തിലാണ് ഈ റിസോര്‍ട്ട്. അല്‍ഉലയിലെ മരുഭൂ പ്രകൃതിയുടെ മനോഹാരിത പ്രതിഫലിപ്പിക്കുന്ന സവിശേഷമായ വിനോദസഞ്ചാര അനുഭവം ടൂറിസ്റ്റുകൾക്ക് നൽകുന്നതിനാണ് ഇവിടം ഈ റിസോർട്ടിനായി തിരഞ്ഞെടുത്തത്. മരുഭൂമിയിലെ പ്രകൃതിദത്ത കാഴ്ചകളും വിഭവങ്ങളും അറിയാനാഗ്രഹിക്കുന്നവർക്ക് ഒരു ആധികാരിക അനുഭവം നൽകുന്ന ഗ്ലോബൽ ഡെസ്റ്റിനേഷനായി ശറആൻ റിസോർട്ട് മാറും.