റിയാദ്. സൗദി അറേബ്യയുടെ ദേശീയ കറൻസിയായ സൗദി റിയാലിന് ഇനി പ്രത്യേക ചിഹ്നം. ആഗോള സാമ്പത്തിക ശക്തിരാജ്യങ്ങളുടെ മാതൃകയിൽ ദേശീയ കറൻസിയുടെ സ്വത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച റിയാലിന്റെ ചിഹ്നത്തിന് സൽമാൻ രാജാവ് അംഗീകാരം നൽകി. അറബിക് കാലിഗ്രാഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ റിയാൽ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ സാമ്പത്തിക സ്വത്വം ശക്തിപ്പെടുത്താൻ ഇതു സഹായകമാകുമെന്ന് കേന്ദ്ര ബാങ്കായ സമ (സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി) ഗവർണർ അയ്മാൻ അൽ-സയ്യാരി പറഞ്ഞു. സാമ്പത്തിക, വാണിജ്യ ഇടപാടുകളിലും മറ്റും പുതിയ റിയാൽ ചിഹ്നം ഉടൻ ഉപയോഗിച്ചു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പുതിയ ദേശീയ കറൻസി ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പൈതൃകത്തെയും ഉൾക്കൊള്ളുന്നതാണ്. ഈ ചിഹ്നം സൗദിയുടെ ദേശീയ കറൻസിയെ പ്രതിനിധീകരിച്ച് നിലവിൽ ഉപയോഗിച്ചുവരുന്ന SAR എന്ന ചുരുക്ക അക്ഷങ്ങൾ ഉൾക്കൊള്ളുന്നതാണ്. ആഗോള സാമ്പത്തിക ശക്തികൾക്കിടയിൽ അതിവേഗം വളരുന്ന സൗദിയുടെ സ്ഥാനം ഉയർത്തിക്കാട്ടാൻ പുതിയ റിയാൽ ചിഹ്നം സഹായകമാകും.
സൗദി റിയാല്‍ ചിഹ്നം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എട്ടു മാനദണ്ഡങ്ങളും വ്യവസ്ഥകളും കര്‍ശനമായി പാലിക്കണമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) ആവശ്യപ്പെട്ടു. ഏതു ഭാഷകളില്‍ ഉപയോഗിക്കുമ്പോഴും റിയാല്‍ ചിഹ്നം സംഖ്യയുടെ ഇടതുവശത്താണ് ഉപയോഗിക്കേണ്ടത്. സംഖ്യക്കും റിയാല്‍ ചിഹ്നത്തിനും ഇടയില്‍ അകലം ഉണ്ടായിരിക്കണം. റിയാല്‍ ചിഹ്നത്തിന്റെ നിശ്ചിത അനുപാതവും ജ്യാമിതീയ ഘടനയും നിലനിര്‍ത്തണം. ചിഹ്നത്തിന്റെ ഉയരം ടെക്സ്റ്റ് ഉയരവമായി പൊരുത്തപ്പെടണമെന്നും ചിഹ്ന ദിശയും ടെക്സ്റ്റ് ദിശയും പൊരുത്തം വേണം. ആകൃതികള്‍ക്കുള്ളില്‍ ചിഹ്ന ഉയരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് തുല്യമായ ഇടം ശൂന്യമായി നിലനിര്‍ത്തണമെന്നും പശ്ചാത്തലങ്ങളുമായി വര്‍ണ വ്യത്യാസം നിലനിര്‍ത്തണമെന്നും സാമ ആവശ്യപ്പെട്ടു.