ജിദ്ദ. സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരുടെ എണ്ണം 24.8 ലക്ഷമായി ഉയര്‍ന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. ഇത് എക്കാലത്തേയും ഉയർന്ന റെക്കോര്‍ഡാണ്. മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ പിന്തുണയോടെ ഈ വര്‍ഷം ആദ്യ പാദം മാത്രം 1,43,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചു. സ്വദേശികളെ തൊഴിൽസജ്ജരാക്കുന്നതിന് നൈപുണ്യ പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പരിപാടികൾക്കായി മൂന്നു മാസത്തിനിടെ മാനവശേഷി വികസന നിധി 183 കോടി റിയാലാണ് ചെലവിട്ടത്.
സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 6.3 ശതമാനമാണ്. ഇതും ഏറ്റവും കുറഞ്ഞ നിരക്കാണ്. തൊഴില്‍ വിപണി വികസിപ്പിക്കാനും സ്വദേശികളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പദ്ധതികളുടെ ഫലമാണീ നേട്ടം. 2030ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനായിരുന്നു വിഷന്‍ 2030 പദ്ധഥി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ചതിലും ആറ് വര്‍ഷം മുമ്പ് തന്നെ ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് അഞ്ചു ശതമാനമായി കുറക്കുകയെന്ന പുതിയ ലക്ഷ്യം നിര്‍ണയിച്ചിട്ടുണ്ട്.
സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 10.5 ശതമാനമായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2024 നാലാം പാദത്തിൽ 11.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തില്‍ സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ 3.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, വനിതകള്‍ക്ക് സുരക്ഷിത തൊഴില്‍ അന്തരീക്ഷം ഒരുക്കൽ, ദേശീയ വളര്‍ച്ചക്ക് ഫലപ്രദമായി സംഭാവന നല്‍കാനുള്ള അവരുടെ ശേഷി വർധിപ്പിക്കൽ എന്നിവയ്ക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഫലമാണീ നേട്ടം.