മസ്‌കത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ഒമാന്‍ വ്യക്തികള്‍ക്കും ആദായ നികുതി ചുമത്താന്‍ തീരുമാനിച്ചു. രാജകീയ ഉത്തരവ് പ്രകാരമുള്ള പുതിയ വ്യക്തിഗത ആദായ നികുതി നിയമം 2028 മുതല്‍ പ്രാബല്യത്തില്‍ വരും. വാര്‍ഷിക വരുമാനം 42,000 ഒമാനി റിയാലില്‍ കവിഞ്ഞ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് ആദായ നികുതി ഏര്‍പ്പെടുത്തുക. ഈ പരിധിക്കു മുകളില്‍ വരുമാനമുള്ളവര്‍ അഞ്ച് ശതമാനം ആദായ നികുതി നല്‍കണം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സകാത്ത്, പരമ്പരാഗത സ്വത്ത്, സംഭാവനകള്‍, പ്രാഥമിക വീട് തുടങ്ങി ഒട്ടേറെ ഘടകങ്ങളെ അടിസ്ഥാനമാക്കി ആദായ നികുതിയില്‍ ഇളവുകള്‍ക്കും പുതിയ നിയമത്തില്‍ വകുപ്പുകളുണ്ട്.
സര്‍ക്കാരിന്റെ പക്കലുള്ള വരുമാന വിവരങ്ങളെ അടിസ്ഥാനമാക്കി നികുതിയുടെ സാമ്പത്തികവും സാമൂഹികവുമായി ആഘാതങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് ആദായ നികുതി നിയമം നടപ്പിലാക്കുന്നതെന്ന് ടാക്‌സ് അതോറിറ്റി അറിയിച്ചു. ഇതു പ്രകാരം ഒമാന്‍ ജനതയുടെ ഏകദേശം 99 ശതമാനം പേരും ആദായ നികുതി പരിധിയില്‍ വരില്ല. ഒരു ശതമാനത്തിനു മാത്രമെ ആദായ നികുതി നല്‍കേണ്ടി വരൂ.
42,000 ഒമാനി റിയാല്‍ എന്ന ഉയര്‍ന്ന ആദായ നികുതി പരിധിയും, അഞ്ച് ശതമാനമെന്ന് കുറഞ്ഞ നികുതി നിരക്കും ഇതു കൂടികണക്കിലെടുത്ത് തീരുമാനിച്ചതാണ്. ആദായ നികുതി നടപ്പിലാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി പേഴ്‌സനല്‍ ടാക്‌സ് പ്രൊജക്ട് ഡയറക്ടര്‍ കരീമ മുബാറക് അല്‍ സാദി പറഞ്ഞു.
വ്യക്തികളുടെ വരുമാനം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ക്രോഡീകരിക്കുന്നതിനും, വരുമാനം കണക്കുകൂട്ടുന്നതിനും ഇവ വ്യക്തികള്‍ വെളുപ്പെടുത്തിയ വരുമാന കണക്കുകളുമായി ഒത്തുനോക്കുന്നതിനും ഡിജിറ്റല്‍ സംവിധാനം ടാക്‌സ് അതോറിറ്റി വികസിപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ സ്വമേധയാ നികുതി വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനമാണിതെന്ന് കരീമ മുബാറക് പറഞ്ഞു. ആദായ നികുതി നിയമം നടപ്പിലാക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കി കൂടുതല്‍ ഉദ്യോഗസ്ഥരെ ശാക്തീകരിച്ചിട്ടുണ്ടെന്നും നികുതി ഫലയിങ് അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ മാനുവല്‍ സമയമാകുമ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഒമാന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് ആദായ നികുതി സംവിധാനത്തിന് രൂപം നല്‍കിയിട്ടുള്ളതെന്ന് ടാക്‌സ് ്അതോറിറ്റി അറിയിച്ചു. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒമാന്‍ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമാണ് പുതിയ നികുതി. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ സമ്പത്ത് പുനര്‍വിതരണം ചെയ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കുക, സാമൂഹിക നീതി വര്‍ദ്ധിപ്പിക്കുക, സാമൂഹിക ക്ഷേമ സംവിധാനത്തിനും ബജറ്റിനും പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആദായ നികുതി ഏര്‍പ്പെടുത്തുന്നത്.