റിയാദ്. മുൻനിര ആഗോള കൺസൽട്ടിങ് കമ്പനിയായ പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സിന് (പിഡബ്ല്യുസി) സൗദി അറേബ്യയിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഒരു വർഷത്തേക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത് അവസരമാക്കാനൊരുങ്ങി മറ്റ് കൺസൽട്ടിങ് സേവന കമ്പനികൾ. രാജ്യാന്തര വിപണിയിൽ പിഡബ്ല്യുസിയുടെ പ്രധാന എതിരാളികൾ തന്നെയാണ് സൗദി വിപണിയിൽ ഈ അവസരം മുതലെടുക്കാൻ രംഗത്തുള്ളത്. ഏണസ്റ്റ് ആന്റ് യങ് (ഇവൈ), ഡെലോയിറ്റ് തുടങ്ങിയ കമ്പനികൾ സൗദിയിൽ കൂടുതൽ ജോലികൾക്കായി തയാറെടുക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയതായി ബ്ലൂംബർഗ് റിപോർട്ട് ചെയ്യുന്നു.
വളരെ പ്രാധാന്യമുള്ള നിയോം, അൽ ഉല തുടങ്ങിയ വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾക്ക് അപേക്ഷ സമർപ്പിക്കാൻ ചില കമ്പനികൾക്ക് ക്ഷണം ലഭിച്ചതായും പേര് വെളിപ്പെടുത്താത്ത ഉന്നത വൃത്തങ്ങലെ ഉദ്ധരിച്ച് റിപോർട്ട് പറയുന്നു. പിഡബ്ല്യുസിയുടെ പ്രധാന എതിരാളികൾക്ക് സൗദിയിൽ കൂടുതൽ കരാറുകൾ ലഭിക്കാനുള്ള സാധ്യത വർധിച്ചതായാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, പിഡബ്ല്യുസിക്ക് ഓഡിറ്റ് കരാറുകൾ തുടരാൻ അനുമതിയുണ്ടെന്ന് ബ്ലൂംബെർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കമ്പനിയും ഇതും സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. വിലക്കിനെ കുറിച്ച് പിഡബ്യൂസി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സേവന നിലവാരമോ നിയമ ലംഘനങ്ങളോ അല്ല വിലക്കിന് കാരണമെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ കമ്പനി വ്യക്തമാക്കിയിരുന്നു.
സൗദിയിൽ പ്രാദേശികമായി കൺസൾട്ടന്റുമാരുടെ കുറവ് കണക്കിലെടുക്കുമ്പോൾ പുതിയ കരാറുകൾ ഏറ്റെടുക്കാനുള്ള ശേഷിയുണ്ടാകുമോ എന്നതാണ് പിഡബ്ല്യുസിയുടെ എതിരാളികൾ നേരിടുന്ന വെല്ലുവിളി. ചില കൺസൽട്ടൻസികൾ ഇതിനായി മുൻകൂട്ടി തയാറെടുപ്പുകൾ നടത്തി വരുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇ.വൈ തങ്ങളുടെ മറ്റു ഓഫീസുകളിൽ നിന്ന് കൂടുതൽ ജീവനക്കാരെ കൊണ്ടുവന്നതായും റിപോർട്ടുണ്ട്.
സാമ്പത്തിക വൈവിധ്യവൽക്കരത്തിന്റെ ഭാഗമായി ഓട്ടേറെ വൻകിട പദ്ധതികളും നിക്ഷേപങ്ങളും സജീവമായി നടക്കുന്ന സൗദി ഏറ്റവും വേഗത്തിൽ വളരുന്നതും വലുതുമായ കൺസൽട്ടിങ് വിപണി കൂടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനങ്ങളുടെ അടിസ്ഥാന പദ്ധതിയായ വിഷൻ 2030 നടപ്പാക്കുന്നതിന് പിഐഎഫാണ് ചുക്കാൻപിടിക്കുന്നത്. ഇതിന്റെ ഭാഗമായി വൈവിധ്യമാർന്ന മേഖലകളിലായി നൂറിലേറെ കമ്പനികളാണ് പിഐഎഫ് സ്ഥാപിച്ചത്. ഭാവിനഗരിയായ നിയോം, ദിരിയ, അൽ-ഉല തുടങ്ങിയ ചരിത്ര പ്രദേശങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന വൻകിട പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകൾ കൺസൾട്ടിങ് കമ്പനികൾക്ക് ചാകരയാണ്. സാമ്പത്തിക മാന്ദ്യത്തിൽ വലയുന്ന കൺസൾട്ടിങ് മേഖലയ്ക്ക് ഇത് ഒരു ആശ്വാസമാണ്. പിഐഎഫും അതിന്റെ കീഴിലുള്ള കമ്പനകളും ചേർന്ന് നൽകുന്ന കൺസൽട്ടിങ് കരാറുകൾ ഈ രംഗത്തെ കമ്പനികൾക്ക് നൂറുകണക്കിന് മില്യൻ ഡോളർ വരുമാനം നേടിക്കൊടുക്കാൻ കഴിയും. മിഡിൽ ഈസ്റ്റിൽ നിന്ന് മാത്രം പിഡബ്ല്യുസി യുകെ ഒരു വർഷത്തിനിടെ 2.5 ബില്യൺ ഡോളർ വരുമാനമാണ് നേടിയത്.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കൺസൾട്ടിങ് വിപണിയായ സൗദി അറേബ്യ മേഖലയിലെ ഏറ്റവും വലുതും അതിവേഗ വളർച്ചയുള്ളതുമായി കൺസൽട്ടിങ് വിപണിയാണ്. കൺസൽട്ടിങ് കമ്പനികൾ മേഖലയിൽ നിന്ന് നേടിയ ആറ് ബില്യൻ ഡോളർ വരുമാനത്തിന്റെ പകുതിയും സൗദിയിൽ നിന്നാണെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഇൻസൈറ്റ് പറയുന്നു.
ചൈനയിൽ വിവാദമായ വൻകിട റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡിന്റെ അക്കൗണ്ടുകൾ ശരിയായി ഓഡിറ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുസിക്ക് ചൈന ആറ് മാസത്തേക്ക് പ്രവർത്തന വിലക്കേർപ്പെടുത്തുകയും 6.2 കോടി ഡോളർ പിഴ ചുമത്തുകയും ചെയ്തിരുന്നു.