ദോഹ. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൗദി അറേബ്യന്‍ വിപണിയിലേക്ക് പ്രവേശനത്തിനായി ഖത്തറില്‍ നിന്നുള്ള 75 കമ്പനികള്‍ തയാറാടെക്കുന്നു. ഇതിനാവശ്യമായ യോഗ്യതകളും നിബന്ധനകളും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഈ കമ്പനികള്‍ക്ക് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രത്യേക ശില്‍പ്പശാല സംഘടിപ്പിച്ചു. കയറ്റുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് ആഗോള വിപണിയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സൗദി വിപണിയെ പരിചയപ്പെടുത്താനും അവിടെയുള്ള അവസരങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും മത്സരക്ഷമത വര്‍ധിപ്പിക്കാനുമാണ് ശില്‍പ്പശാല സംഘടിപ്പിച്ചതെന്ന് ഖത്തര്‍ ഡെവപല്‌മെന്റ് ബാങ്ക് സീനിയര്‍ മാനേജര്‍ അലി സുല്‍ത്താന്‍ അല്‍ കുവൈരി പറഞ്ഞു.
ഭക്ഷ്യ വ്യവസായം, നിര്‍മാണം, സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിന്നുള്ള വിവിധ ഖത്തരി കമ്പനികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ഖത്തറിന്റെ നാഷനല്‍ വിഷന്‍ 2030 വിഭാവനം ചെയ്യുന്ന എണ്ണയിതര കയറ്റുമതി പ്രോത്സാഹിപ്പിക്കാനും സമ്പദ്‌വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ പ്രത്യേക ശില്‍പ്പശാല സംഘടിപ്പിച്ചത്.
സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ സാമ്പത്തിക ബന്ധത്തില്‍ വലിയ വളര്‍ച്ചയാണ് സമീപകാലത്തായി ഉണ്ടായിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 220 കോടി ഖത്തരി റിയാലിലെത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റില്‍ ഖത്തറിലേക്കുള്ള സൗദിയുടെ കയറ്റുമതി 37,290 കോടി സൗദി റിയാലും, ഖത്തറില്‍ നിന്ന് സൗദിയിലേക്കുള്ള ഇറക്കുമതി 24,730 കോടി റിയാലും ആയി ഉയര്‍ന്നിട്ടുണ്ട്. 12,560 കോടി സൗദി റിയാലിന്റെ മിച്ച വ്യാപാരവും നേടി.