റിയാദ്. സൗദി അറേബ്യയുടെ ഏറ്റവും പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ 2025 അവസാനത്തോടെ പൂര്‍ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി മേധാവി ടോണി ഡഗ്ലസ് പറഞ്ഞു. യുഎസിലെ മയാമിയില്‍ ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്‍് ഇനീഷ്യേറ്റീവ് പ്രയോരിറ്റി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ കമ്പനിയെ കെട്ടിപ്പടുക്കുന്നതിലും സജീവമാക്കുന്നതിലുമായിരുന്നു ശ്രദ്ധ. ഈ വര്‍ഷാവസാനത്തോടെ ഉറപ്പായും റിയാദ് എയര്‍ വിമാനങ്ങളെ ആകാശത്ത് കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രീമിയം യാത്രാനുഭവം നല്‍കുന്നതിലാണ് റിയാദ് എയറിന്റെ മുന്‍ഗണനയെന്നും ഒരു കാലത്ത് ട്രാന്‍സ് വേള്‍ഡ് എയര്‍ലൈനും പാന്‍ അമേരിക്കന്‍ എയര്‍ലൈനിനും മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ഉന്നത ഗുണനിലവാരമുള്ള സേവനവും യാത്രാ സുഖവുമായിരിക്കും റിയാദ് എയറിന്റേതെന്നും ടോണി പറഞ്ഞു. ടിക്കറ്റ് ബുക്കിങ്, ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് എന്നിവയ്ക്കപ്പുറം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പേഴ്‌സനലൈസ്ഡ് സേവനങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ ഫസ്റ്റ് സമീപനമായിരിക്കും റിയാദ് എയറിന്റേത്. റിയാദിലേക്ക് പറക്കണം എന്നു പറഞ്ഞാല്‍ ആപ്പ് റിയാദിലുള്ള സ്‌പോര്‍ടിങ് ഇവന്റുകളെ കുറിച്ചും മകിച്ച ഭക്ഷണശാലകളെ കുറിച്ചുമെല്ലാം യുസര്‍ക്ക് വിവരം നല്‍കും.
സൗദി അറേബ്യയിലെ എയര്‍ കണക്ടിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. രാജ്യാന്തര കണക്ഷനുകള്‍ വിപുലപ്പെടുത്തുന്നതിനായി നിലവില്‍ ഡെല്‍റ്റ എയര്‍ലൈന്‍സ്, സിംഗപൂര്‍ എയര്‍ലൈന്‍സ് എന്നിവരുമായി റിയാദ് എയര്‍ കരാറിലെത്തിയിട്ടുണ്ട്. സര്‍വീസ് തുടങ്ങുമ്പോള്‍ തന്നെ കുടുതല്‍ രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിക്കാന്‍ ഈ പങ്കാളിത്തം സഹായകമാകും. 2030ഓടെ 100 രാജ്യാന്തര നഗരങ്ങളിലേക്ക് സര്‍വീസുള്ള വിമാന കമ്പനിയായി റിയാദ് എയര്‍ മാറുമെന്ന് ടോണി പറഞ്ഞു.
തുടക്കം മുതല്‍ റിയാദ് എയറിനെ ഒരു ആഗോള പ്രീമിയം വിമാന കമ്പനി ആയാണ് കമ്പനി അവതരിപ്പിച്ചത്. ഇത് ബ്രാന്‍ഡിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ആഗോള തലത്തില്‍ ശ്രദ്ധയേമായ പങ്കാൡത്തങ്ങളും റിയാദ് എയര്‍ നേടിയിട്ടുണ്ട്. ലിവ് ഗോള്‍ഫ്, ആഗോള സംഗീത താരം ജമിയേലയുടെ സൗദിയിലെ ആദ്യ സംഗീത പരിപാടി എന്നിവയുടെ ഗ്ലോബല്‍ എയര്‍ലൈന്‍ പാര്‍ടണറാണ് റിയാദ് എയര്‍.