റിയാദ്. സൗദി തലസ്ഥാന നഗരിയില്‍ പുതിയ ഗതാഗത വിപ്ലവം തീര്‍ത്ത റിയാദ് മെട്രോ പദ്ധതി പൂര്‍ത്തിയാക്കിയത് 9,375 കോടി റിയാല്‍ ചെലവില്‍. ഒരു കിലോമീറ്റര്‍ ദൂരം പദ്ധതി പൂര്‍ത്തിയാക്കാന്‍ ചെലവായത് 62.25 കോടി റിയാലാണ്. ഇത്തരത്തിലുള്ള വൻകിട പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവാണിതെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു. 13 രാജ്യങ്ങളിൽ നിന്നുള്ള 19 കമ്പനികൾ ഉൾപ്പെടുന്ന മൂന്ന് കൺസോർഷ്യങ്ങൾ ചേർന്നാണ് പദ്ധതി പൂർത്തീകരിച്ചത്. ഒറ്റ ഘട്ടത്തില്‍ ഒന്നിച്ച് നടപ്പാക്കിയ ലോകത്തെ ഏറ്റവും വലിയ ഡ്രൈവര്‍ലെസ് ട്രെയിന്‍ പദ്ധതിയാണിതെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു. നവംബര്‍ 27നാണ് സൽമാൻ രാജാവ് റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തത്.
ഇന്ധന ലാഭം, പ്രവർത്തന ചെലവ് കുറയൽ എന്നിവയിലൂടെ, പദ്ധതിക്ക് ചെലവഴിച്ച ഓരോ റിയാലിനും പ്രത്യക്ഷമായും പരോക്ഷമായും മൂന്നര റിയാലിന്റെ സാമ്പത്തിക ലാഭമുണ്ട്. റിയാദ് മെട്രോയിൽ നിന്ന് ലാഭം ലക്ഷ്യമിടുന്നില്ല. ഇതൊരു സേവന പദ്ധതിയാണ്. പ്രവർത്തന ചെലവിന്റെ 40 ശതമാനം വരുമാനമാണ് മെട്രോയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. സ്റ്റേഷനുകളുടെ നാമകരണം വഴിയും മെട്രോയ്ക്ക് വരുമാനം ലഭിക്കും. ഇതിനകം ആറ് സ്റ്റേഷനുകൾക്ക് പേരിടാൻ സ്വകാര്യ കമ്പനികളുമായി 100 കോടി റിയാലിന്റെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. കൂടുതൽ കമ്പനികളെ ആകർഷിക്കാനും മെട്രോയ്ക്ക് പദ്ധതിയുണ്ട്.
സമീപ പ്രദേശങ്ങളിലെ ബസ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലെത്തിക്കുന്നതിനും തിരിച്ചു കൊണ്ടു വിടുന്നതിനും സൗജന്യ സർവീസ് നടത്താൻ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനികളുമായി റിയാദ് റോയല്‍ കമ്മീഷൻ ധാരണയുണ്ടാക്കും. ആറു മാസം സൗജന്യ യാത്രാ സേവനം നല്‍കാനും തുടര്‍ന്നുള്ള ആറു മാസക്കാലത്ത് 50 ശതമാനം നിരക്കിളവോടെ യാത്രാ സേവനം നല്‍കാനുമാണ് പദ്ധതി. കരാര്‍ കാലയളവില്‍ മെട്രോ സ്റ്റേഷനുകളേയും ബസ് സ്‌റ്റേഷനുകളേയും ബന്ധിപ്പിച്ച് ഏകദേശം 40 ലക്ഷം ബസ് സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് 60ലധികം റൂട്ടുകളില്‍ ബസ് സര്‍വീസുകളുണ്ടാകും. മെട്രോ ടിക്കറ്റെടുത്തവർക്ക് ടെര്‍മിനല്‍ സ്റ്റേഷനുകള്‍ക്ക് സമീപം സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുന്ന മിനിബസുകളും ഏര്‍പ്പെടുത്തും. ഈ ബസുകളില്‍ ടിക്കറ്റ് നിരക്ക് മൂന്നു റിയാൽ ആയിരിക്കും. മെട്രോ സ്റ്റഷനുകള്‍ക്ക് ഏറ്റവും അടുത്തുള്ളവരുടെ ഉപയോഗത്തിന് സൈക്കിളുകളും സ്‌കൂട്ടറുകളും ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
മെട്രോ റെഡ് ലൈനിന്റെ തുടര്‍ച്ചയെന്നോണം ദിര്‍ഇയയെ അല്‍ഖിദിയയുമായി ബന്ധിപ്പിച്ച് പുതിയ ട്രാക്ക് നിര്‍മിക്കും. ഇത് ഖിദിയയെ റിയാദ് എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. റിയാദ് മെട്രോയ്ക്ക് ഒരു ദിവസം പരമാവധി 36 ലക്ഷം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. സര്‍വീസ് ആരംഭിച്ച ആദ്യ ആഴ്ചയില്‍ മാത്രം 19 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. വയലെറ്റ് ലൈനിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത്. പ്രതിവര്‍ഷം 468 മെഗാവാട്ട് വൈദ്യുതിയാണ് മെട്രോ പ്രവർത്തിപ്പിക്കാനായി ആവശ്യമായി വരുന്നത്. മെട്രോയ്ക്ക് വേണ്ടി മാത്രം 12 വൈദ്യുതി നിലയങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെട്രോ ട്രെയിനുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ചും പഠിച്ചു വരികയാണെന്നും എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ പറഞ്ഞു.