റിയാദ്. സൗദി അറേബ്യയുടെ ദേശീയ ടെലികോം കമ്പനിയായ എസ്ടിസിയുടെ കീഴിലുള്ള എസ്ടിസി ബാങ്കിന് പൂര്‍ണ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്തിമ ലൈസൻസ് സൗദി സെന്‍ട്രല്‍ ബാങ്ക് (സമ) അനുവദിച്ചു. ഇതോടെ പൂർണ പ്രവർത്തനാനുമതി ലഭിക്കുന്ന രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കായി എസ്ടിസി ബാങ്ക് മാറി. ബാങ്കിങ് മേഖലയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനുമുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് എസ്ടിസി ബാങ്കിന് അന്തിമ ബാങ്കിങ് ലൈസന്‍സ് അനുവദിച്ചത്.
മൊബൈല്‍ പണമിടപാട് സേവനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിച്ചു വരുന്ന എസ്ടിസിയുടെ ഡിജിറ്റല്‍ വോലറ്റായ എസ്ടിസി പേ സംവിധാനമാണ് പൂര്‍ണമായും ബാങ്കായി മാറുക. 2024 ഏപ്രിലിലാണ് ഈ മാറ്റത്തിനുള്ള അനുമതി കേന്ദ്ര ബാങ്ക് നല്‍കിയത്. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഒമ്പതു മാസമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലൈസന്‍സ് ലഭിച്ചതോടെ ഇനി എസ്ടിസി ബാങ്ക് പൂര്‍ണ തോതിലുള്ള ബാങ്കിങ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. മറ്റൊരു ഡിജിറ്റല്‍ ബാങ്കായ ഡി360 ബാങ്കിനും 2024 ഡിസംബറില്‍ കേന്ദ്ര ബാങ്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
2017ല്‍ അറേബ്യന്‍ ഇന്റര്‍നെറ്റ് ആന്റ് കമ്യൂണിക്കേഷന്‍സ് സര്‍വീസസ് കമ്പനിയാണ് 10 കോടി സൗദി റിയാല്‍ മൂലധനവുമായി എസ്ടിസി ബാങ്ക് സ്ഥാപിച്ചത്. 2019ല്‍ ബാങ്കിന്റെ ഉമസ്ഥാവകാശം എസ്ടിസിക്കു കൈമാറുകയും ഇതേവര്‍ഷം തന്നെ മൂലധനം 40 കോടി റിയാലാക്കി ഉയര്‍ത്തുകയും ചെയ്തു. 2020ല്‍ ഇ-വോലറ്റ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് സെന്‍ട്രല്‍ ബാങ്ക് അനുവദിച്ചു. കൂടാതെ 15 ശതമാനം ഓഹരികള്‍ 75 കോടി റിയാലിന് വെസ്‌റ്റേണ്‍ യൂണിയനു വില്‍ക്കുകയും ചെയ്തു. 2021ല്‍ ഡിജിറ്റല്‍ ബാങ്കിങ് സേവന ലൈസന്‍സ് അനുവദിച്ചു. മൂലധനം 250 കോടി റിയാലാക്കി ഉയര്‍ത്തുകയും ചെയ്തു. അന്തിമ അനുമതിക്കായി കേന്ദ്ര ബാങ്കില്‍ 155 കോടി റിയാലിന്റെ മുന്‍കൂര്‍ നിക്ഷേപവും എസ്ടിസി ബാങ്ക് നടത്തിയിരുന്നു.