റിയാദ്. മിഡിൽ ഈസ്റ്റിലെ ആദ്യ ആഡംബര ട്രെയ്നായ ഡ്രീം ഓഫ് ദി ഡെസേര്‍ട്ടിന്റെ (DREAM OF THE DESERT) അന്തിമ രൂപകൽപ്പന പൂർത്തിയാക്കിയതായി സൗദി അറേബ്യ റെയില്‍വേസ് അറിയിച്ചു. ആഡംബരങ്ങളോടു കൂടിയ പഞ്ചനക്ഷത്ര സൗകര്യങ്ങലും സൗദിയുടെ സാംസ്കാരിക സ്വത്വവും സമന്വയിപ്പിച്ചാണ് സൗദി അറേബ്യ റെയിൽവേസും (SAR) ഇറ്റാലിയൻ ഹോസ്പിറ്റാലിറ്റി ഭീമനായ ആഴ്സണലും ചേർന്ന് ഈ ട്രെയിന്റെ രൂപകൽപ്പന നിർവഹിച്ചത്.
14 ബോഗികളിലായി 34 ആഡംബര സ്യൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ട്രെയിൻ വിനോദ സഞ്ചാരികൾക്ക് സവിശേഷ യാത്രാനുഭവം നൽകും. റിയാദിൽ നിന്നാരംഭിക്കുന്ന നോർത്ത് റെയിൽവേ ശൃംഖലയിലൂടെ ആയിരിക്കും ഡ്രീം ഓഫ് ദി ഡെസേർട്ടിന്റെ യാത്ര. സൗദിയിലെ ഏറ്റവും പ്രധാന പൈതൃക കേന്ദ്രങ്ങളും പ്രകൃതിദത്ത വിനോദ കേന്ദ്രങ്ങളും ബന്ധിപ്പിച്ചായിരിക്കും സർവീസ്. സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച്, യാത്രക്കാർക്കു വേണ്ടി സാംസ്‌കാരിക പരിപാടികളും ട്രെയിനില്‍ സംഘടിപ്പിക്കും.
ആര്‍ക്കിടെക്റ്റും ഇന്റീരിയര്‍ ഡിസൈനറുമായ അലിന്‍ അസ്മര്‍ ദമാനും കള്‍ച്ചര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ട്രെയിനിന്റെ അകത്തളം, അസാധാരണവും ശ്രദ്ധാപൂര്‍വ്വം രൂപകല്‍പന ചെയ്തതുമായ വിശദാംശങ്ങളിലൂടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗത സൗദി മജ്‌ലിസുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അലങ്കരിച്ച ആഡംബര സ്വീകരണ ഹാളുകളും ഈ ട്രെയിനിലുണ്ട്. പ്രാദേശിക, അന്തര്‍ദേശീയ പാചക വിദഗ്ധർ തയാറാക്കുന്ന വിഭവങ്ങളാണ് ഈ ട്രെയിനിൽ വിളമ്പുക. സൗദി അറേബ്യയുടെ സാംസ്‌കാരികവും പ്രകൃതിദത്തവുമായ അടയാളങ്ങളെ എടുത്തുകാണിക്കുന്ന കലാസൃഷ്ടികളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരം ട്രെയിന്‍ ഇടനാഴികള്‍ മനോഹരമാക്കും.