റിയാദ്. വിദേശ രാജ്യങ്ങളിലെ സ്വകാര്യ വ്യോമയാന കമ്പനികൾക്ക് സൗദി അറേബ്യയിൽ ആഭ്യന്തര ചാർട്ടർ സർവീസുകൾ നടത്താൻ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) അനുമതി നല്‍കി. അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന യോഗ്യരായ വിദേശ വ്യോമയാന കമ്പനികൾക്ക് നോൺ ഷെഡ്യൂൾഡ് വിഭാഗത്തിലുള്ള വിമാനങ്ങളിൽ സൗദിക്കുള്ളിൽ യാത്രക്കാരെ കൊണ്ടു പോകുന്നതിന് മേയ് ഒന്നു മുതൽ ജിഎസിഎ അനുമതി നൽകിത്തുടങ്ങും.
സൗദിയെ മേഖലയിലെ പ്രധാന വ്യോമയാന മാറ്റുന്നതിനും കൂടുതൽ മത്സരക്ഷമമാക്കുന്നതിനുമുള്ള ജിഎസിഎയുടെ നയം പ്രകാരമാണ് ആഭ്യന്തര ചാർട്ടർ സർവീസുകളിൽ നിന്ന് വിദേശ കമ്പനികൾക്കുണ്ടായിരുന്ന വിലക്ക് നീക്കിയത്. രാജ്യത്തുടനീളം പുതിയ വിമാനത്താവളങ്ങളും ടെര്‍മിനലുകളും നിര്‍മിക്കുന്നത് ഉള്‍പ്പെടെ വ്യോമയാന രംഗത്ത് അടിസ്ഥാന സൗകര്യവികസനങ്ങൾ നടപ്പാക്കി വരികയാണ്. വ്യോമയാന മേഖലയില്‍ മത്സരം വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ജിഎസിഎയുടെ പുതിയ നയം അവസരമൊരുക്കും.
കഴിഞ്ഞ വര്‍ഷം സൗദിയില്‍ സ്വകാര്യ വ്യോമയാന മേഖല 24 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. സ്വകാര്യ വിമാനങ്ങള്‍ 2024ല്‍ 23,612 സര്‍വീസുകള്‍ നടത്തി. 9,206 ആഭ്യന്തര സര്‍വീസുകളും 14,406 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടത്തിയത്. സ്വകാര്യ വിമാനങ്ങളുടെ ആഭ്യന്തര സര്‍വീസുകളില്‍ 26 ശതമാനം വളര്‍ച്ചയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 15 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.