റിയാദ്. സൗദി അറേബ്യ- കുവൈത്ത് അതിര്‍ത്തിയില്‍ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഇരു രാജ്യങ്ങളും അറിയിച്ചു. സൗദിയും കുവൈത്തും പങ്കിടുന്ന സംയുക്ത അതിര്‍ത്തിയില്‍ വഫ്റ എണ്ണ ഖനന പ്രദേശത്ത് നോര്‍ത്ത് വഫ്‌റ വാര-ബുര്‍ഗാന്‍ എണ്ണപ്പാടത്താണ് പുതിയ ശേഖരം കണ്ടെത്തിയത്. ഇവിടെ വാര റിസര്‍വോയറിലെ എണ്ണ ഖനനം ചെയ്യുന്ന വാര ബുര്‍ഗാന്‍-1 കിണറില്‍ നിന്ന് പ്രതിദിനം 500 ബാരല്‍ തോതില്‍ എണ്ണ ലഭിക്കുന്നുണ്ട്. വഫ്‌റ എണ്ണപ്പാടത്തിന് അഞ്ചു കിലോമീറ്റര്‍ വടക്ക് ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.
2020ല്‍ സംയുക്ത അതിര്‍ത്തിയിലും ചേര്‍ന്നുള്ള സമുദ്രത്തിലും പെട്രോള്‍ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇവിടെ പുതിയ എണ്ണ നിക്ഷേപം കണ്ടെത്തുന്നത്. എണ്ണ ഉൽപ്പാദന, വിതരണ രംഗത്തെ ഇരു രാജ്യങ്ങളുടെയും ആഗോള പദവിയിയിലും ശേഷിയിലും പുതിയ കണ്ടെത്തൽ ഗുണപരമായ സ്വാധീനം ചെലുത്തും.