റിയാദ്. ഈ വര്‍ഷം സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ മൂന്ന് വര്‍ഷത്തെ ഏറ്റവും മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് വിലയിരുത്തല്‍. 4.6 ശതമാനം മുതല്‍ 4.7 ശതമാനം വരെ വളര്‍ച്ചാ നിരക്കുണ്ടാകുമെന്നാണ് ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുടെ പ്രവചനം. ഇതോടെ ജി20 രാജ്യങ്ങളില്‍ അതിവേഗ വളര്‍ച്ചയുള്ള രണ്ടാമത്തെ രാജ്യമാകും സൗദി.
പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് അല്‍ ഇഖ്തിസാദിയ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എണ്ണ വില കുറച്ചതിന്റെ അന്തരഫലം കുറഞ്ഞു വരുന്നതാണ് ഒന്ന്. ഒപെക് പ്ലസ് സഖ്യത്തിന്റെ തീരുമാനം അനുസരിച്ചുള്ള എണ്ണ ഉല്‍പ്പാദനത്തിലെ വെട്ടിക്കുറവ് ഈ വര്‍ഷം നിര്‍ത്തലാക്കുന്നതോടെ സൗദിയുടെ പ്രതിദിന ഉല്‍പ്പാദനം 10 ദശലക്ഷം ബാരല്‍ എന്ന തോതിലേക്ക് തിരിച്ചെത്തും. ഇത് സാമ്പത്തിക വളര്‍ച്ചയെ ഗുണപരമായി സ്വാധീനിക്കും.
പലിശ നിരക്കുകള്‍ കുറക്കുന്നതാണ് സൗദിയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന രണ്ടാമത്തെ ഘടകം. കുറഞ്ഞ പലിശ നിരക്ക് കൂടുതല്‍ വായ്പകളെടുക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കും. ഇതുവഴി പണലഭ്യത വര്‍ധിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരും. എണ്ണ ഇതര മേഖലകളുടെ വളര്‍ച്ചയാണ് മൂന്നാമത്തെ പ്രധാന ഘടകം. ടൂറിസം, കായികം, വിനോദം തുടങ്ങി ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളും, വ്യാപാരം, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, നിര്‍മാണം, ഗതാഗതം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതോടൊപ്പം സൗദിയില്‍ വരാനിരിക്കുന്ന 2027 ഗള്‍ഫ് കപ്പ്, എക്‌സ്‌പോ 2030, 2034 ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങി രാജ്യാന്തര കായിക, വിനോദ മാമാങ്കങ്ങള്‍ക്കു വേണ്ടിയുള്ള മെഗാ പദ്ധതികളും സൗദിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ സൗദി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് എണ്ണ ഇതര മേഖലകളിലാണ്. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിലൂടെ വലിയ കുതിപ്പുണ്ടാക്കാനാണ് സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതി ലക്ഷ്യമിടുന്നത്.
2025ല്‍ സൗദി 4.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വേള്‍ഡ് ബാങ്ക്, മൂഡീസ്, ഫിച്ച്, എസ് ആന്റ് പി എന്നീ ആഗോള ഏജന്‍സികള്‍ പങ്കിടുന്ന പ്രതീക്ഷ. എന്നാല്‍ രാജ്യാന്തര നാണ്യ നിധിയും (ഐഎംഎഫ്) സൗദി ധനകാര്യ മന്ത്രാലയവും പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 4.6 ശതമാനമാണ്. ഈ വര്‍ഷം പ്രാദേശിക സമ്പദ് വ്യവസ്ഥ 0.8 ശതമാനം വളരുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എണ്ണ ഇതര മേഖലയുടെ പിന്തുണയോടെ 2027 വരെ വാര്‍ഷിക വളര്‍ച്ച 3.5 ശതമാനത്തിനു മുകളില്‍ തന്നെ തുടരും. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2026ല്‍ 3.5 ശതമാനവും 2027ല്‍ 4.7 ശതമാനവുമായിരിക്കുമെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.